എഴുന്നേറ്റുനിന്ന് ബഹുമാനിക്കാന്‍ ഭീഷണിപ്പെടുത്തി, വഴങ്ങിയില്ല; വ്യാപാരിയെ പൊതിരെ തല്ലി ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍, ദൃശ്യങ്ങള്‍ വൈറല്‍

മെഡിക്കല്‍ ഷോപ്പില്‍ തന്നെ കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരുന്നതിന്റെ പേരില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍ വ്യാപാരിയെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
എഴുന്നേറ്റുനിന്ന് ബഹുമാനിക്കാന്‍ ഭീഷണിപ്പെടുത്തി, വഴങ്ങിയില്ല; വ്യാപാരിയെ പൊതിരെ തല്ലി ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍, ദൃശ്യങ്ങള്‍ വൈറല്‍

പട്‌ന: മെഡിക്കല്‍ ഷോപ്പില്‍ തന്നെ കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരുന്നതിന്റെ പേരില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍ വ്യാപാരിയെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രേണു ദേവിയുടെ സഹോദരന്‍ പിനു, മെഡിക്കല്‍ ഷോപ്പ് വ്യാപാരിയെ തുടര്‍ച്ചയായി മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ബീഹാറിലെ ബെട്ടിയയിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പില്‍ എത്തിയ പിനുവിനെ കണ്ടപ്പോള്‍ വ്യാപാരി എഴുന്നേറ്റുനിന്നു ബഹുമാനിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. തുടര്‍ച്ചയായി മുഖത്തടിച്ച വ്യാപാരിയെ കടയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പിനുവിന്റെ കൂടെ വന്ന കൂട്ടുകാരും ഇദ്ദേഹത്തെ ആക്രമിക്കുന്നുണ്ട്. 

മെഡിക്കല്‍ ഷോപ്പില്‍ വന്ന പിനു വ്യാപാരിയോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ഭീഷണിക്ക് വഴങ്ങാതിരുന്ന വ്യാപാരിയെ ഒറ്റയ്ക്കും കൂട്ടമായും തല്ലുകയായിരുന്നു.തുടര്‍ന്ന് കാറില്‍ വലിച്ചുകയറ്റി മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വാഹനം പിന്നീട് കണ്ടെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവം വിവാദമായതിനെ തുടര്‍ന്ന്, രേണു ദേവി പ്രതികരണവുമായി രംഗത്തുവന്നു. പിനുവുമായി ഒരു ബന്ധവുമില്ലെന്നും തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും രേണു ദേവി പറഞ്ഞു. മോശം പെരുമാറ്റത്തെ താന്‍ പ്രോത്സാഹിപ്പിക്കില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താനും പിനുവുമായി പരസ്പരം സംസാരിക്കാറു പോലുമില്ലെന്നും രേണു ദേവി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com