ഡല്‍ഹിയിലില്ലെങ്കിലും ഹരിയാനയില്‍ സഖ്യമാകാം; രാഹുലിന് മുന്നില്‍ നിര്‍ദേശവുമായി കെജ്‌രിവാള്‍

ഹരിയാനയില്‍ സഖ്യത്തിനുള്ള സാധ്യതകള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹിയിലില്ലെങ്കിലും ഹരിയാനയില്‍ സഖ്യമാകാം; രാഹുലിന് മുന്നില്‍ നിര്‍ദേശവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് ഡല്‍ഹിയില്‍ മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം വിജയിച്ചില്ലെങ്കിലും ഹരിയാനയില്‍ സഖ്യത്തിനുള്ള സാധ്യതകള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ പത്ത് സീറ്റുകളിലേക്ക് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനെതിരെ കോണ്‍ഗ്രസ്, എഎപി, ജന്‍നായക് ജനതാ പാര്‍ട്ടി ചേര്‍ന്ന് സഖ്യമായി മത്സരിക്കണമെന്ന് കെജ്‌രിവാള്‍ നിര്‍ദേശം വച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന സഖ്യം രാജ്യത്തിന് അപകടമാണ്. മോദി ഭക്തരും മോദിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരും എന്ന നിലയില്‍ രാജ്യം രണ്ട് പക്ഷത്താണ്. മോദിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവര്‍ ധാരാളമുണ്ടെങ്കിലും അവരെല്ലാം വിഭജിക്കപ്പെട്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. മോദി- ഷാ കൂട്ടുകെട്ട് വിജയിക്കാതിരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ടത് അനിവാര്യമാണ്. 

ഹരിയാനയില്‍ കോണ്‍ഗ്രസ്, എഎപി, ജെജെപി സഖ്യമായി നിന്ന് മത്സരിക്കാനിറങ്ങണമെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വയ്ക്കുകയാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും ഒരുമിച്ചാല്‍ ഹരിയാനയിലെ പത്ത് സീറ്റുകളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കും. മോദി- ഷാ സഖ്യത്തെ ദേശീയ തലത്തില്‍ പരാജയപ്പെടുത്താന്‍ ഈ വിജയം കരുത്തു പകരുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് സഖ്യമില്ലാതെ തന്നെ ഡല്‍ഹിയില്‍ എഎപി വിജയിക്കുമെന്ന് കെജ്‌രിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പിളര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് ജന്‍നായക് ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. മുന്‍ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകന്‍ ദുഷ്യന്ത് ചൗട്ടാലയാണ് ജെജെപിയുടെ പ്രമുഖ നേതാവ്. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ ഏഴ് സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി ഹരിയാനയില്‍ വിജയിച്ചത്. രണ്ട് സീറ്റുകള്‍ ഐഎന്‍എല്‍ഡിക്കുമായിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com