വലിയ മാറ്റത്തിനായി വോട്ട് ചെയ്യൂ, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കു; മോദിയുടെ ട്വീറ്റിന് അഖിലേഷിന്റെ മറുപടി

വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും സിനിമാ താരങ്ങളോടും കായിക താരങ്ങളോടും അഭ്യര്‍ത്ഥിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിന് മറുപടിയുമായി അഖിലേഷ് യാദവ്
വലിയ മാറ്റത്തിനായി വോട്ട് ചെയ്യൂ, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കു; മോദിയുടെ ട്വീറ്റിന് അഖിലേഷിന്റെ മറുപടി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും സിനിമാ താരങ്ങളോടും കായിക താരങ്ങളോടും അഭ്യര്‍ത്ഥിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിന് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. മോദിയുടെ ട്വീറ്റിന് ട്വിറ്ററില്‍ കൂടിയാണ് അഖിലേഷ് മറുപടി നല്‍കിയിരിക്കുന്നത്. 
 
രാജ്യത്ത് വലിയ മാറ്റത്തിനായുള്ള മോദിയുടെ ട്വീറ്റ് കണ്ടപ്പോള്‍ സന്തോഷം തോന്നിയതായി അഖിലേഷ് പ്രതികരിച്ചു. വലിയ തോതില്‍ വോട്ടുകള്‍ ചെയ്ത് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഞാന്‍ ഈ രാജ്യത്തെ എല്ലാ പൗരന്‍മാരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും അഖിലേഷ് മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. 

രാഷ്ട്രീയ നേതാക്കളായ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എംകെ സ്റ്റാലിന്‍ എന്നിവരെ ടാഗ് ചെയ്താണ് മോദി ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് നവീന്‍ പട്‌നായിക്, എച്ച്ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, നിതീഷ് കുമാര്‍, റാം വിലാസ് പസ്വാന്‍ എന്നിവര്‍ക്കും മോദി ടാഗ് ചെയ്തിട്ടുണ്ട്. 

പിന്നാലെ സിനിമാ താരങ്ങളായ മോഹന്‍ലാല്‍, നാഗാര്‍ജുന അക്കിനേനി എന്നിവരോടും അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഭൂമി പട്‌നേക്കര്‍, ആയുഷ് മാന്‍ ഖുറേന, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ, എആര്‍റഹ്മാന്‍ തുടങ്ങിയവരോടും മോദി ഇതേ ആവശ്യം ഉന്നയിച്ചു.

ആത്മീയ നേതാക്കളായ ശ്രീ ശ്രീ രവിശങ്കര്‍, സദ്ഗുരു, രാംദേവ് എന്നിവരോടും, കായിക താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, കിടംബി ശ്രീകാന്ത്, പിവി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവരോടും മാധ്യമങ്ങളോടും ജനങ്ങളോടും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഏപ്രില്‍ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞടുപ്പ്. മേയ് 23ന് ആണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com