ബംഗാളില്‍ സിപിഎമ്മിനെ ''കൈ'' വിട്ടു ; ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞു
ബംഗാളില്‍ സിപിഎമ്മിനെ ''കൈ'' വിട്ടു ; ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി പിസിസി അധ്യക്ഷന്‍ സോമന്‍ മിത്ര നടത്തിയ ചര്‍ച്ചയിലാണ് സിപിഎം സഖ്യം വേണ്ടെന്ന് തീരുമാനിച്ചത്. 

കോണ്‍ഗ്രസുമായി തുടക്കത്തില്‍ ഉണ്ടാക്കിയ ധാരണകള്‍ മറികടന്ന് സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് ധാരണയില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഇടതുമുന്നണി 25 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. കോണ്‍ഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിര്‍ഹട് മണ്ഡലങ്ങള്‍ സിപിഎം, സിപിഐയ്ക്കും ഫോര്‍വേഡ് ബ്ലോക്കിനും നല്‍കുകയും ചെയ്തു. ഇതില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചെങ്കിലും സിപിഎം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. 

ഇടത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് മുന്‍പാണെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര ആരോപിച്ചു. പുരുലിയ, ബഷീര്‍ഹട്ട് സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സീറ്റുകള്‍ വിട്ട് നല്‍കി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ റായ് ഗഞ്ചിലും, മൂര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. പുരുലിയക്കും ബഷീര്‍ഹട്ടിനും പുറമെ കോണ്‍ഗ്രസ് ആവശ്യപ്പെട്ട ബറാസാത് മണ്ഡലത്തിലും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ 42 സീറ്റിലേയും സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്ര ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യം രൂപീകരിച്ച് മത്സരിച്ചിരുന്നു. സിപിഎമ്മിന് 20 ശതമാനവും കോണ്‍ഗ്രസിന് 12 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. തൃണമൂലിനെയും ബിജെപിയെയും ഒരുപേലെ എതിര്‍ത്ത് കൂടുതല്‍ സീറ്റ് നേടുക എന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നീക്കവും അവസാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com