കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് ; വയനാടും വടകരയും ഇല്ല, അതൃപ്തി പരസ്യമാക്കി ലീഗ്

ഇതുവരെ 306 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്
കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് ; വയനാടും വടകരയും ഇല്ല, അതൃപ്തി പരസ്യമാക്കി ലീഗ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി. പുതിയ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടിട്ടില്ല. ബിഹാര്‍, ഒഡീഷ, യുപി സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 

ബീഹാറിലെ നാലും, ഒഡീഷയിലെ ഏഴും യുപിയിലെ ഒരു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. യുപിയിലെ മഹാരാജ് ഗന്‍ജില്‍ തനുശ്രീ ത്രിപാഠിയെ മാറ്റി. മാധ്യമപ്രവർത്തകയായ സുപ്രിയ ശ്രീനാതെയാണ് പുതിയ സ്ഥാനാര്‍ത്ഥി. 

മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാര്‍ സര്‍സറാമില്‍ വീണ്ടും ജനവിധി തേടും. സുപോളില്‍ രഞ്ജിത് രഞ്ജനും, ധെന്‍കനലില്‍ ബ്രിഗേഡിയര്‍ കെ പി സിംഗ്‌ദേവും, ജഗത് സിംഗ് പൂരില്‍ പ്രതിമ മല്ലിക്കും ജനവിധി തേടും. 

ഇതുവരെ 306 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം മുംബൈ നോര്‍ത്തില്‍ ബോളിവുഡ് താരം ഊര്‍മിള മന്‍ഡോദ്കറെ സ്ഥാനാര്‍ത്ഥിയാക്കാനും കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസമാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്. 

അതിനിടെ പുതിയ പട്ടികയിലും വയനാടും വടകരയും ഇല്ലാത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം വൈകുന്നത് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്നാണ് ആശങ്ക. ഇക്കാര്യം കേരള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും സ്ഥാനാര്‍ത്ഥിത്വം നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം നീണ്ടുപോകുന്നതില്‍ ആശങ്ക ലീഗ് സംസ്ഥാന നേതൃത്വത്തെയും ഡിസിസി നേതൃത്വത്തെയും അറിയിച്ചതായി വയനാട് ലീഗ് ജില്ലാ പ്രസിഡന്റ് പി പി കരീം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com