'രാഷ്ട്രീയലാഭത്തിനായി ഭാര്യയെ ഉപേക്ഷിച്ചയാള്‍ക്ക് എങ്ങനെ മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയും' ; മോദിയെ കടന്നാക്രമിച്ച് മായാവതി

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി ആല്‍വാര്‍ കൂട്ടമാനഭംഗത്തെക്കുറിച്ച് മോദി മിണ്ടിയില്ല. മഹാസഖ്യം തകര്‍ക്കാന്‍ വൃത്തികെട്ട രാഷ്ട്രീയമാണ് മോദിയും ബിജെപിയും കളിക്കുന്നത്
'രാഷ്ട്രീയലാഭത്തിനായി ഭാര്യയെ ഉപേക്ഷിച്ചയാള്‍ക്ക് എങ്ങനെ മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയും' ; മോദിയെ കടന്നാക്രമിച്ച് മായാവതി


 
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണ് നരേന്ദ്രമോദി. അയാള്‍ക്ക് മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമോയെന്നും മായാവതി ചോദിച്ചു. 

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി ആല്‍വാര്‍ കൂട്ടമാനഭംഗത്തെക്കുറിച്ച് മോദി മിണ്ടിയില്ല. മോദിയുടെ അടുത്ത് ഭര്‍ത്താക്കന്മാരെ അയക്കാന്‍ ബിജെപിയിലെ വനിതാ നേതാക്കള്‍ ഭയക്കുന്നു. ഭര്‍ത്താക്കന്മാരെ അയച്ചാല്‍ തങ്ങളെ ഉപേക്ഷിക്കാന്‍ മോദി അവരെ പ്രേരിപ്പിച്ചേക്കുമെന്നാണ് ബിജെപിയിലെ വനിതാ നേതാക്കളുടെ പേടി. ബിജെപിയിലെ ചില വനിതാ നേതാക്കള്‍ തന്നോട് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും മായാവതി അഭിപ്രായപ്പെട്ടു.

ആല്‍വാര്‍ കൂട്ടമാനഭംഗം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍പ്പോലും മൗനം വെടിയാന്‍ മോദി തയ്യാറായില്ല. ഇത്  ബിജെപിക്ക് കൂടുതല്‍ വോട്ടുണ്ടാക്കാനും, ദലിത് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാനും വേണ്ടിയായിരുന്നു. യുപിയിലെ മഹാസഖ്യം തകര്‍ക്കാന്‍ വൃത്തികെട്ട രാഷ്ട്രീയമാണ് മോദിയും ബിജെപിയും കളിക്കുന്നത്. മഹാസഖ്യത്തിലെ നേതാക്കള്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ പോലും ശ്രമിച്ചെന്നും മായാവതി ആരോപിച്ചു. 

കഴിഞ്ഞ ദിവസം മായാവതിക്കെതിരെ യുപിയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.  രാജസ്ഥാനിലെ ആല്‍വാറില്‍ ദളിത് യുവതി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധമറിയിച്ച മായാവതിയുടേത് മുതലക്കണ്ണീരാണെന്ന് നരേന്ദ്രമോദി ആരോപിച്ചിരുന്നു. അശോക് ഗെലോട്ട് നയിക്കുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ മായാവതി പിന്തുണയ്ക്കുന്നുണ്ട്. ഇത് മറച്ചുവെച്ച്  യുവതി പീഡിപ്പിക്കപ്പെട്ട കേസില്‍ മുതലക്കണ്ണീരൊഴുക്കുകയാണ് മായാവതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

"മായാവതിയുടെ പിന്തുണയോടെയാണു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. അവിടെയാണ് ഒരു ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതുകൊണ്ടു ബഹന്‍ജി എന്തുകൊണ്ടു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചില്ലെന്ന് ഉത്തര്‍പ്രദേശിലെ പെണ്‍മക്കള്‍ ചോദിക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ചെയ്തത് 'എന്താണ്, എന്താണ്' എന്നു ചോദിച്ചതു മാത്രമാണ്." എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

മായാവതിയുടെ ദലിത് പ്രേമം അധികാരത്തിന് വേണ്ടിയാണെന്നും മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദിക്കെതിരെ വ്യക്തിപരമായ കടന്നാക്രമണത്തിന് മായാവതി ഒരുമ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com