ആന്ധ്രയില്‍ പൂജ്യം, തമിഴ്‌നാട്ടിലും പൂജ്യം, ബിജെപി നൂറ് സീറ്റ് തികയ്ക്കില്ല; 'എക്‌സിറ്റ് പോളു'മായി മമത

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 300ലധികം സീറ്റുകള്‍ നേടി ഭരണത്തിലേറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു
ആന്ധ്രയില്‍ പൂജ്യം, തമിഴ്‌നാട്ടിലും പൂജ്യം, ബിജെപി നൂറ് സീറ്റ് തികയ്ക്കില്ല; 'എക്‌സിറ്റ് പോളു'മായി മമത

കൊല്‍ക്കത്ത: ബിജെപിയുമായുളള പോര് മുറുകുന്നതിനിടെ, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനം പ്രവചിക്കുന്ന റിപ്പോര്‍ട്ട് കാര്‍ഡുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് പോലും തികയ്ക്കില്ലെന്ന് മമത ബാനര്‍ജി പ്രവചിക്കുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 300ലധികം സീറ്റുകള്‍ നേടി ഭരണത്തിലേറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മമതയുടെ റിപ്പോര്‍ട്ട് കാര്‍ഡ്. 

'ആന്ധ്രയില്‍ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ല. തമിഴ്‌നാട്ടില്‍ നിന്നും ബിജെപിക്ക് കിട്ടാന്‍ പോകുന്നത് പൂജ്യം സീറ്റുകളാണ്.മഹാരാഷ്ട്രയില്‍ 20 സീറ്റുകളിലേക്ക് ചുരുങ്ങും. ബിജെപിയുടെ 200 സീറ്റുകള്‍ നഷ്ടപ്പെട്ടു'- മമതയുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ നിന്നുളള ഒന്‍പതു മണ്ഡലങ്ങളും ജനവിധി തേടുന്നുണ്ട്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ബംഗാളിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്രചാരണം ഇന്നലെ അവസാനിപ്പിച്ചിരുന്നു. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെ ചൊല്ലി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുളള വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചതോടെയാണ് പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിച്ചുരുക്കിയത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും മമതയും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. മോദിയെ നുണയന്‍ എന്ന് വിളിച്ചാണ് മമത പ്രതികരിച്ചത്. പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ മോദിയെ മമത വെല്ലുവിളിക്കുകയും ചെയ്തു. അല്ലാത്തപക്ഷം മോദിയെ ജയിലിലേക്ക് വലിച്ചിഴക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി.

വിദ്യാസാഗറിന്റെ വലിയ പ്രതിമ സ്ഥാപിക്കുമെന്ന മോദിയുടെ പരാമര്‍ശത്തിനും മമത മറുപടി നല്‍കി. പ്രതിമ നിര്‍മ്മിയ്ക്കാന്‍ ബംഗാളിന്റെ കൈവശം പണമുണ്ട്. 200 വര്‍ഷത്തെ പാരമ്പര്യം തിരിച്ചുതരാന്‍ കഴിയുമോ എന്നും പ്രതിമ തകര്‍ത്തതിനെ സൂചിപ്പിച്ച് മമത ചോദിച്ചു. പ്രതിമ തകര്‍ത്തതില്‍ ബിജെപിയുടെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ട്. 'എന്നാല്‍ നിങ്ങള്‍ പറയുന്നത് ഇത് തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ് എന്നാണ്.'നിങ്ങള്‍ക്ക് ഇത്തരത്തില്‍ നുണ പറയാന്‍ ലജ്ജയില്ലെ എന്നും മമത ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com