'രാഷ്ട്രപതി നിങ്ങളുടെ പോക്കറ്റിലാണോ? ധൈര്യമുണ്ടോ സര്‍ക്കാര്‍ രൂപീകരിക്കാന്‍?' ; ബിജെപിയെ വെല്ലുവിളിച്ച് ശിവസേന

രാഷ്ട്രപതിയുടെ സീല്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ആണോയെന്ന് സേനാ മുഖപത്രമായ സാമ്‌ന
ഉദ്ധവ് താക്കറെയും അമിത് ഷായും/ഫയല്‍
ഉദ്ധവ് താക്കറെയും അമിത് ഷായും/ഫയല്‍

മുംബൈ: ഈ മാസം ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ട ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഖ്യകക്ഷി ശിവസേന. തോന്നുമ്പോള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ രാഷ്ട്രപതി ബിജെപിയുടെ പോക്കറ്റിലാണോയെന്ന് സേന ചോദിച്ചു. രാഷ്ട്രപതിയുടെ സീല്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ആണോയെന്ന് സേനാ മുഖപത്രമായ സാമ്‌ന വിമര്‍ശിച്ചു.

സര്‍ക്കാരുണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിക്കാന്‍ ശിവസേന ബിജെപിയെ വെല്ലുവിളിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് ബിജെപി. ഇന്ത്യന്‍ രാഷ്ട്രപതി ബിജെപിയുടെ പോക്കറ്റിലാണ് എന്ന മട്ടിലാണ് പറയുന്നത്. രാഷ്ട്രപതിയുടെ സീല്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലാണെന്നോ ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നത്. അങ്ങനെയാണോ ജനങ്ങള്‍ മനസിലാക്കേണ്ടതെന്ന് സാമ്‌ന ചോദിച്ചു.

ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് ബിജെപിയുടെ വാദഗതികള്‍. ഭരണഘടനയെയും നിയമ വാഴ്ചയെയും കുറിച്ചുള്ള അജ്ഞതയില്‍നിന്നാണ് ഇത്തരം വാദങ്ങള്‍ വരുന്നത്. വോട്ടു ചെയ്ത ജനങ്ങളെ അപമാനിക്കലാണ് അത്്- സേന കുറ്റപ്പെടുത്തു.

ഈ മാസം ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കു പോവുമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്ങന്തിവറാണ് ഇന്നലെ പറഞ്ഞത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്കല്ല, ബിജെപിയും ശിവേസനയും ചേര്‍ന്ന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന് മുങ്ങന്തിവര്‍ പറഞ്ഞു.

ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം ഫെവിക്കോളിനേക്കാള്‍ ശക്തമാണ്. ഭിന്നതകള്‍ പരിഹരിച്ച് ഇരു പാര്‍ട്ടികളും ചേര്‍ന്ന് ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു.

നിശ്ചിത സമയത്തിനകം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം നടക്കേണ്ടതുണ്ട്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി എട്ടിനു തീരും. ഏഴിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കണം. അല്ലാത്തപക്ഷം സ്വാഭാവികമായും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലാവും.

ശിവേസനയുടെ 50 50 ഫോര്‍മുലയാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രിയായി ബിജെപി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഇതിനകം തന്നെ തീരുമാനിച്ചുകഴിഞ്ഞു. മറ്റു പ്രശ്‌നങ്ങളെല്ലാം സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. വേണ്ടിവന്നാല്‍ ദേശീയ നേതൃത്വം ഇടപെടുമെന്ന് മുങ്ങന്തിവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com