മഹാരാഷ്ട്രയിലും റിസോര്‍ട്ട് രാഷ്ട്രീയം; എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റി ശിവസേന, ബിജെപി നീക്കത്തില്‍ വീഴരുതെന്ന് ഉദ്ദവിന്റെ മുന്നറിയിപ്പ്

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ശിവസേന
മഹാരാഷ്ട്രയിലും റിസോര്‍ട്ട് രാഷ്ട്രീയം; എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റി ശിവസേന, ബിജെപി നീക്കത്തില്‍ വീഴരുതെന്ന് ഉദ്ദവിന്റെ മുന്നറിയിപ്പ്


ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ശിവസേന. 56 എംഎല്‍എമാരെ ബാന്ദ്രയിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. ഉദ്ദവ് താക്കറെ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്നാരോപിച്ച് ശിവസേന രംഗത്തെത്തി. എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ആരോപിച്ചു.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയെ ഉണ്ടാകണമെന്നാണ് എന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു. ശിവസേനയുടെ പുതിയ എംഎല്‍എമാരെ ചിലര്‍ പണം ഉപയോഗിച്ച് ചാക്കിടാന്‍ ശ്രമിക്കുകയാണ്.  ഇത്തരത്തിലുള്ള പരാതികള്‍ കൂടിവരുന്നു. നേരത്തെയുണ്ടായിരുന്ന സര്‍ക്കാര്‍ മണി പവര്‍ ഉപയോഗിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, ആരും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യം ശിവസേന മുഖ്യമന്ത്രിയെയാണെന്ന് സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.

25 ഓളം സേന എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര എംഎല്‍എ രവിറാണയെ ഉദ്ധരിച്ച് പ്രമുഖ ദേശീയദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, മഹാരാഷ്ട്രയില്‍ സമവായത്തിന് വേണ്ടി മുഖ്യമന്ത്രിയാകാന്‍ തയ്യാറല്ലെന്ന്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ശിവസേനയുടെ പിന്തുണയോടെ ദേന്ദ്രേ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയ ഗഡ്കരി, ഡല്‍ഹിയില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഗഡ്കരി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയതാണ് അദ്ദേഹം മുഖ്യമന്ത്രിയായേക്കും എന്ന ചര്‍ച്ചകള്‍ തുടങ്ങാന്‍ കാരണമായത്.

ഫഡ്‌നാവിസ് തന്നെയാണ് മുഖ്യമന്ത്രിയാകുക. ബിജെപിക്ക് 105 സീറ്റുകള്‍ ഉള്ള സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്നു തന്നെയാവും മുഖ്യമന്ത്രിയെന്നും ഗഡ്കരി അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയും സേനയും തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതയില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com