ബിജെപിയുടെ കെണിയില്‍ വീഴാനില്ല ; കാവിപൂശാന്‍ ശ്രമം നടക്കുന്നുവെന്ന് രജനീകാന്ത്

തിരുവള്ളുവരിനെപ്പോലുള്ള മഹാന്മാര്‍ ജാതിക്കും മത്തിനും അതീതരായിട്ടുള്ളവരാണ്
ബിജെപിയുടെ കെണിയില്‍ വീഴാനില്ല ; കാവിപൂശാന്‍ ശ്രമം നടക്കുന്നുവെന്ന് രജനീകാന്ത്

ചെന്നൈ : തിരുവള്ളുവറിനെപ്പോലെ തന്നെയും കാവി പൂശാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിനിമാതാരം രജനീകാന്ത്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല. തിരുവള്ളുവരും താനും ബിജെപിയുടെ കെണിയില്‍ വീണിട്ടില്ല. താന്‍ പാര്‍ട്ടി അംഗമാണെന്ന്  പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രജനീകാന്ത് ആരോപിച്ചു.

തിരുവള്ളുവരിനെപ്പോലുള്ള മഹാന്മാര്‍ ജാതിക്കും മത്തിനും അതീതരായിട്ടുള്ളവരാണ്. തിരുവള്ളുവരും കാവിയുമായി ബന്ധപ്പെടുത്തിയുള്ള വിവാദം അനാവശ്യമാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അവാര്‍ഡിന് നന്ദിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവറുടെ പ്രതിമയില്‍ ഹിന്ദു മക്കള്‍ പാര്‍ട്ടി കാവി ഷാള്‍ പുതപ്പിച്ചത് വിവാദമായിരുന്നു. പ്രതിമയുടെ കഴുത്തില്‍ രുദ്രാക്ഷവും ഇവര്‍ അണിയിച്ചു. തിരുവള്ളുവറിന് ഏറ്റവും യോജിക്കുന്ന നിറം  കാവിയാണെന്നും, തിരുവള്ളുവര്‍ ഹിന്ദുവാണെന്നുമാണ് ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞത്. രണ്ട് ദിവസം മുമ്പ് തിരുവള്ളുവറുടെ പ്രതിമയില്‍ ഒരു വിഭാഗം ആളുകള്‍ ചാണകം തളിച്ചിരുന്നു.

തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ബിജെപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെയും സിപിഎമ്മും രംഗത്തെത്തി. തിരുവള്ളുവറിനെ ഹിന്ദുവായി ചിത്രീകരിക്കാനാണ് ബിജെപി നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും ഡിഎംകെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com