എന്‍സിപിയും ശിവസേനയും പിളര്‍പ്പിലേക്ക് ; 52 എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ?; ചര്‍ച്ചകള്‍ തുടരുന്നു

എന്‍സിപിയുടെ 35 എംഎല്‍എമാര്‍ അജിത് പവാറിനൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
എന്‍സിപിയും ശിവസേനയും പിളര്‍പ്പിലേക്ക് ; 52 എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ?; ചര്‍ച്ചകള്‍ തുടരുന്നു

മുംബൈ : മഹാരാഷ്ട്രയിലെ അതിനാടകീയ നീക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സൂചന. ത്രികക്ഷി സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച എന്‍സിപിയെ തന്നെ പിളര്‍ത്തിയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ അനന്തരവനും പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ അജിത് പവാറിനെയും സംഘത്തെയും തങ്ങളുടെ ക്യാമ്പിലെത്തിച്ചാണ് കോണ്‍ഗ്രസിനെയും ശിവസേനയെയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ ബിജെപി ഞെട്ടിച്ചത്. 

എന്‍സിപിയുടെ 35 എംഎല്‍എമാര്‍ അജിത് പവാറിനൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടക്കിയ ശിവസേനയെ പിളര്‍ത്താനും ബിജെപി ശ്രമം ആരംഭിച്ചതായി സൂചനയുണ്ട്. ശിവസേനയുടെ 17 എംഎല്‍എമാരുമായി ബിജെപി ക്യാമ്പ് സജീവമായി സമ്പര്‍ക്കം പുലര്‍ത്തിവരുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രിപദം അടക്കമുള്ള വ്യക്തമായ ഉറപ്പുകള്‍ ലഭിച്ചാല്‍ കൂടുതല്‍ എംഎല്‍എമാര്‍ ശിവസേനയില്‍ നിന്നും മറുകണ്ടം ചാടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സര്‍ക്കാരിന് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ഗിരീഷ് മഹാജനും പറഞ്ഞു. 

രാഷ്ട്രീയനേതാക്കളെ ഞെട്ടിച്ചുകൊണ്ട് ഇന്ന് രാവിലെ എട്ടുമണിക്കാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ അജിത് പവാര്‍ ബിജെപിയെ പിന്തുണച്ചത് പാര്‍ട്ടി തീരുമാനമല്ല, വ്യക്തിപരമായ നീക്കമാണെന്നാണ് ശരദ് പവാര്‍ അറിയിച്ചത്. എന്‍സിപിയുടെ നീക്കം വഞ്ചനയാണെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. 

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. ശിവസേനയ്ക്ക് 56 ഉം എന്‍സിപിക്ക് 54 ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 44 എംഎല്‍എമാരാണുള്ളത്. മറ്റുള്ളവര്‍ 29 പേരും. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ 5.47 ന് നാടകീയമായി രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് എട്ടുമണിക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഈ മാസം 30 നകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേവലഭൂരിപക്ഷത്തിന് 145 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com