ഞാനറിഞ്ഞത് രാവിലെ ഏഴുമണിക്ക് ; ബിജെപി ബന്ധം പാര്‍ട്ടി തീരുമാനമല്ലെന്ന് ശരദ് പവാര്‍

ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമായ നീക്കമാണ്. ഇത് പാര്‍ട്ടി നിലപാടല്ല
ഞാനറിഞ്ഞത് രാവിലെ ഏഴുമണിക്ക് ; ബിജെപി ബന്ധം പാര്‍ട്ടി തീരുമാനമല്ലെന്ന് ശരദ് പവാര്‍

മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെ തള്ളിപ്പറഞ്ഞ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപി ബന്ധം താന്‍ അറിഞ്ഞല്ല. ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമായ നീക്കമാണ്. ഇത് പാര്‍ട്ടി നിലപാടല്ല. എന്‍സിപി ബിജെപിയെ പിന്തുണയ്ക്കുന്ന ഒരു തരത്തിലുള്ള തീരുമാനവും എടുത്തിട്ടില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

അജിത് പവാര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്ന കാര്യം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അറിഞ്ഞത്. അതിന് മുമ്പ് ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ല. ഈ വിഷയത്തില്‍ താന്‍ വാര്‍ത്താസമ്മേളനം നടത്തും. ഇതില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും പങ്കെടുക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. എന്‍സിപി തീരുമാനമല്ലെന്ന് പ്രഫുല്‍ പട്ടേലും അറിയിച്ചു.

ഇതോടെ എന്‍സിപി പിളര്‍ത്തിയാണ് ശരദ് പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത് പവാര്‍ ബിജെപി ക്യാമ്പിലേക്ക് പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അജിത് പവാര്‍ പിന്നില്‍ നിന്ന് കുത്തിയതായി ശിവസേനയും പ്രതികരിച്ചു. അജിത് പവാര്‍ വഞ്ചകനാണ്. ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്റെ നീക്കത്തില്‍ ശരദ് പവാറിന് അറിവില്ല. ശരദ് പവാറിനെയും അജിത് പവാര്‍ വഞ്ചിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.

അതേസമയം എന്‍സിപിയുടെ തീരുമാനത്തിന് ശരദ് പവാറിന്റെ അനുമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എന്‍സിപിയുടെ നീക്കം ചതിയാണ്. ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com