ആകാശമാണ് അതിര്, എന്തും ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് രമണ ; ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് റോത്തഗി ; രൂക്ഷമായ വാദപ്രതിവാദങ്ങള്‍

ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു രേഖയൊ കത്തോ ഫഡ്‌നാവിസ് ഹാജരാക്കിയതായി അറിയില്ല. അങ്ങനെ ഒരു രേഖയും ലഭ്യമല്ല
ആകാശമാണ് അതിര്, എന്തും ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് രമണ ; ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് റോത്തഗി ; രൂക്ഷമായ വാദപ്രതിവാദങ്ങള്‍

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ നടന്നത് രൂക്ഷമായ വാദപ്രതിവാദങ്ങള്‍. ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും, ഗവര്‍ണര്‍ മറ്റാരുടെയോ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. ഫഡ്‌നാവിസ് സര്‍ക്കാരിനോട് ഇന്നോ നാളെയോ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതി നിര്‍ദേശിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു രേഖയൊ കത്തോ ഫഡ്‌നാവിസ് ഹാജരാക്കിയതായി അറിയില്ല. അങ്ങനെ ഒരു രേഖയും ലഭ്യമല്ല. ഭൂരിപക്ഷം ഉണ്ട് എന്നത് വെറും ഊഹാപോഹം മാത്രമാണ്. എത്രയും വേഗം വിശ്വാസ വോട്ടെടുപ്പിന് അനുമതി നല്‍കിയില്ലെങ്കില്‍ കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങും. അതിന് കോടതി അനുമതി നല്‍കരുതെന്നും കപില്‍ സിബല്‍ വാദിച്ചു.

ഭൂരിപക്ഷം സംബന്ധിച്ച യാതൊരു പരിശോധനയും ഗവര്‍ണ്ണര്‍ നടത്തിയിട്ടില്ലെന്നും അജിത് പവാറിനെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയെന്നും എന്‍സിപിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി ചൂണ്ടിക്കാണിച്ചു. പാര്‍ട്ടിയില്‍  ഇല്ലാത്ത ഒരാള്‍ എങ്ങനെയാണ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതെന്നും സിങ്‌വി ചോദിച്ചു. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവര്‍ ഗവര്‍ണര്‍ക്ക് മുന്നിലല്ല, അത് നിയമസഭയില്‍ തെളിയിക്കട്ടെ. വോട്ടെടുപ്പ് സുതാര്യമായിരിക്കണം. രഹസ്യബാലറ്റ് വേണ്ടെന്നും സിങ്‌വി ആവശ്യപ്പെട്ടു.

എന്നാല്‍ മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണെന്നും, കേസ് അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്നും ബിജെപിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുല്‍ റോത്തഗി പറഞ്ഞു. ഇത്രയും ദിവസം കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ എവിടെ ആയിരുന്നുവെന്ന് റോത്തഗി ചോദിച്ചു. ഹര്‍ജി കോടതി പരിഗണിക്കരുതെന്നും റോത്തഗി വാദിച്ചു. എന്നാല്‍  ഈ ആവശ്യം കോടതി തള്ളി.

ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് റോത്തഗി പറഞ്ഞു. ഒരു കക്ഷിയെ മന്ത്രിസഭ രൂപവത്കരിക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട് അതിനാല്‍ തന്നെ ഗവര്‍ണറുടെ നടപടി പുനപരിശോധിക്കേണ്ട ആവശ്യമില്ല. ഗവര്‍ണര്‍ക്ക് നിര്‍ദേശം കൊടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. എങ്ങനെയാണ് ഇത്തരത്തില്‍ കോടതിയോട് ആവശ്യപ്പെടാനാകുകയെന്ന് റോത്തഗി ചോദിച്ചു. അപ്പോഴാണ്, കോടതിക്ക് ആകാശമാണ് അതിരെന്നും, എന്തും ആവശ്യപ്പെടാമെന്നും ജസ്റ്റിസ് രമണ പ്രതികരിച്ചത്.

തുടര്‍ന്ന് വാദങ്ങള്‍ കേട്ട കോടതി, സര്‍ക്കാര്‍ രൂപികരണത്തിന് ആധാരമായ എല്ലാ രേഖകളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് നല്‍കിയ കത്തും, ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ട് നല്‍കിയ കത്തും ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്. എന്‍സിപി അംഗങ്ങളുടെ പിന്തുണ അറിയിച്ചുകൊണ്ട് അജിത് പവാര്‍ നല്‍കിയ കത്തും കോടതി പരിശോധിക്കും. നാളെ രാവിലെ 10. 30 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പില്‍ കോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com