ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ഞായറാഴ്ച സത്യപ്രതിജ്ഞ

കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു
ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ഞായറാഴ്ച സത്യപ്രതിജ്ഞ

മുംബൈ:കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. ഉദ്ധവ് താക്കറെയെ നിയമസഭാ കക്ഷി നേതാവാക്കുന്നതിനുളള പ്രമേയത്തെ എല്ലാ എംഎല്‍എമാരും അനുകൂലിച്ചു. തുടര്‍ന്ന് സഖ്യനേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ചു.അതേസമയം എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ നാളെ നിയമസഭ സമ്മേളിക്കാൻ ഗവര്‍ണര്‍ ഉത്തരവിട്ടു.

നാലു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് ത്രികക്ഷി സഖ്യത്തിന്റെ സംയുക്ത യോഗം ചേര്‍ന്നത്. യോഗത്തില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം ത്രികക്ഷി സഖ്യം പാസാക്കി.  ത്രികക്ഷി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ഉദ്ധവ് താക്കറെയ്ക്ക് പൂച്ചെണ്ട് നല്‍കി എന്‍സിപി നേതാവ് ശരദ് പവാര്‍ അഭിനന്ദിച്ചു. മുംബൈ ശിവജിപാര്‍ക്കില്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. അതിനിടെ, എന്‍സിപിയുടെ ജയന്ത്പാട്ടീലിനെയും കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തൊറാട്ടിനെയും ഉപമുഖ്യമന്ത്രിമാരാക്കാനും യോഗത്തില്‍ തീരുമാനമായി.

നിയമസഭയില്‍ നാളെ വിശ്വാസവോട്ട് തേടണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നു മണിക്കൂറുകള്‍ക്കകമാണ് ദേവേന്ദ്ര ഫ്ഡ്‌നാവിസ് സര്‍ക്കാര്‍ രാജിവെച്ചത്.ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാറും രാജി നല്‍കി. മഹാരാഷ്ട്രയിലെ ജനങ്ങള്‍ വോട്ടുചെയ്തത് ബിജെപി-ശിവസേന സഖ്യത്തിനായിരുന്നെന്ന് ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ ഫലം വന്നതിനു പിന്നാലെ വിലപേശല്‍ തുടങ്ങുകയാണ് ശിവസേന ചെയ്തത്. ഇതാണ് കാര്യങ്ങളെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചതെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com