മഹാരാഷ്ട്ര; ഉപ മുഖ്യമന്ത്രി സ്ഥാനം എൻസിപിക്ക്; സ്പീക്കർ കോൺ​ഗ്രസിൽ നിന്ന്

മഹാരാഷ്ട്ര; ഉപ മുഖ്യമന്ത്രി സ്ഥാനം എൻസിപിക്ക്; സ്പീക്കർ കോൺ​ഗ്രസിൽ നിന്ന്

എൻസിപിയ്ക്കും ശിവസേനയ്ക്കും 15 വീതം മന്ത്രി സ്ഥാനങ്ങൾ നൽകും. കോൺ​ഗ്രസിന് 13 മന്ത്രി സ്ഥാനങ്ങൾ നൽകാനും ധാരണ

മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി മുന്നണി അധികാരത്തിൽ കയറാനിരിക്കെ മന്ത്രി സ്ഥാനങ്ങളിൽ ധാരണയായി. എൻസിപിയ്ക്കും ശിവസേനയ്ക്കും 15 വീതം മന്ത്രി സ്ഥാനങ്ങൾ നൽകും. കോൺ​ഗ്രസിന് 13 മന്ത്രി സ്ഥാനങ്ങൾ നൽകാനും ധാരണയായിട്ടുണ്ട്.

അതേസമയം ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകുമ്പോൾ രണ്ട് ഉപ മുഖ്യമന്ത്രി സ്ഥാനങ്ങൾ കോൺ​ഗ്രസിനും എൻസിപിയ്ക്കും നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഒരു ഉപ മുഖ്യമന്ത്രി മാത്രമായിരിക്കും ഉണ്ടാവുക. അത് എൻസിപിയിൽ നിന്നായിരിക്കും. സ്പീക്കർ സ്ഥാനം കോൺ​ഗ്രസിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം എൻസിപിക്കും നൽകും. മുംബൈയിൽ ശിവസേന, എൻസിപി, കോൺ​ഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രഫുൽ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ ശിവസേനയുടെ യുവ എംഎൽഎയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ അവരുടെ വസതിയിലെത്തി സന്ദർശിച്ചു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ആദിത്യ താക്കറെ സോണിയയെ സന്ദർശിച്ചത്.

നീണ്ട ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.  വൈകിട്ട് 6.40നു ദാദർ ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞ. ഞായറാഴ്ചയെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. താക്കറെ കുടുംബത്തിൽ നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയാകുകയാണ് ഉദ്ധവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com