സുഹൃത്തിനെ സ്വന്തം ഫ്ലാറ്റിലെത്തിക്കാൻ കൗമാരക്കാരന്റെ സാഹസികത; പുലർച്ചെ, പെട്ടിയിലാക്കി കൊണ്ടുവന്നു; 17കാരൻ പിടിയിൽ

സുഹൃത്തിനെ സ്വന്തം ഫ്ലാറ്റിലെത്തിക്കാൻ കൗമാരക്കാരന്റെ സാഹസികത; പുലർച്ചെ, പെട്ടിയിലാക്കി കൊണ്ടുവന്നു; 17കാരൻ പിടിയിൽ
സുഹൃത്തിനെ സ്വന്തം ഫ്ലാറ്റിലെത്തിക്കാൻ കൗമാരക്കാരന്റെ സാഹസികത; പുലർച്ചെ, പെട്ടിയിലാക്കി കൊണ്ടുവന്നു; 17കാരൻ പിടിയിൽ

മംഗളൂരു: കൂട്ടുകാരനെ വലിയ സ്യൂട്ട്കേസിലാക്കി ഫ്ലാറ്റിലേക്ക് കടത്തിയ 17കാരൻ പിടിയിൽ. ലോക്ക്ഡൗണ്‍ കാരണമുള്ള വിലക്കിനെ തുടർന്നാണ് കൗമാരക്കാരൻ സാഹസികമായി തന്റെ സുഹൃ‌ത്തിനെ സ്യൂട്ട്കേസിലാക്കി ഫ്ലാറ്റിലെത്തിച്ചത്. മംഗളൂരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. 

ഫ്ലാറ്റിലെ താമസക്കാരനായ 17 കാരന്‍ പുലര്‍ച്ചെ പുറത്തു പോയതും പിന്നീട് തിരിച്ചെത്തിയതും ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ വിവരമറിയിച്ചിരുന്നു. ഇതിനു പിന്നാലെ 17 വയസുകാരന്റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് കൂട്ടുകാരനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും പൊലീസിന് കൈമാറി. 

17 കാരന്റെ കുടുംബത്തിന് രണ്ട് ഫ്ലാറ്റുകളാണ് അപ്പാര്‍ട്ട്‌മെന്റിലുള്ളത്. ഇതിലൊന്നില്‍ പയ്യന്‍ തനിച്ചായിരുന്നു താമസം. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 17 കാരന്‍ ആരുമറിയാതെ വലിയ സ്യൂട്ട്കേസുമായി സ്‌കൂട്ടറില്‍ പുറത്തു പോയത്. തുടര്‍ന്ന് കൂട്ടുകാരന്റെ വീട്ടിലെത്തി ഇയാളുമായി ഫ്ലാറ്റിലേക്ക് തിരിച്ചു. അപ്പാര്‍ട്ട്‌മെന്റിന് സമീപമെത്തിയപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി നേരത്തെ കരുതിയിരുന്ന വലിയ സ്യൂട്ട്കേസിനുള്ളില്‍ കൂട്ടുകാരനെ കയറ്റി ഫ്ലാറ്റിനകത്തേക്ക് കയറിപ്പോയി. 

എന്നാല്‍ 17 കാരന്റെ അസ്വാഭാവികമായ നീക്കങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നേരം പുലര്‍ന്നതോടെ ഇവര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ വിവരമറിയിക്കുകയും ഫ്ലാറ്റില്‍ പരിശോധന നടത്തുകയുമായിരുന്നു. 

പുറത്തു നിന്നുള്ള ഒരാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ വന്നതായി സ്ഥിരീകരിച്ചതോടെ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. രണ്ട് പേരെയും പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. ഇവരുടെ രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 

കൂട്ടുകാരനെ ഫ്ലാറ്റിലേക്ക് കൊണ്ടുവരാന്‍ നേരത്തെ അനുമതി തേടിയിരുന്നെങ്കിലും അസോസിയേഷന്‍ ഭാരവാഹികള്‍ അനുവദിച്ചില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ കൊണ്ടുവന്നതെന്നും 17 കാരന്‍ നല്‍കിയ മൊഴിയിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് സന്ദര്‍ശകര്‍ വരുന്നത് നിരോധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com