ബിജെപി നേതാവിനോട് കോടതി; ജാമ്യം വേണമെങ്കിൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുക, ആരോ​ഗ്യ സേതു ഡൗൺലോഡ് ചെയ്യുക 

ബിജെപി നേതാവിനോട് കോടതി; ജാമ്യം വേണമെങ്കിൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുക, ആരോ​ഗ്യ സേതു ഡൗൺലോഡ് ചെയ്യുക 
ബിജെപി നേതാവിനോട് കോടതി; ജാമ്യം വേണമെങ്കിൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുക, ആരോ​ഗ്യ സേതു ഡൗൺലോഡ് ചെയ്യുക 

റാഞ്ചി: കോവിഡ് 19 പ്രതിരോധത്തിനായുള്ള പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഓരോരുത്തരും 35,000 രൂപ സംഭാവന ചെയ്യണമെന്നും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും വ്യവസ്ഥകളിൽ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ബിജെപി മുന്‍ എംപി സോം മറാൻഡി ഉള്‍പ്പെടെ ആറ് പേര്‍ക്ക് ഈ വ്യവസ്ഥകളില്‍ ജാമ്യം അനുവദിച്ചത്. തുക സംഭാവന ചെയ്ത ശേഷം അതിന്റെ തെളിവ് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ബിജെപി മുന്‍ എംപി സോം മറാൻഡി, വിവേകാനന്ദ് തിവാരി, അമിത് അഗര്‍വാള്‍, ഹിസബി റായ്, സഞ്ജയ് ബര്‍ധന്‍, അനുഗ്രഹ് പ്രസാദ് ഷാ എന്നിവര്‍ക്കാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനുഭ റാവത്ത് ചൗധരി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ശേഷം ഉടന്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും കോവിഡ് 19 പ്രതിരോധത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കോടതിയുടെ ജാമ്യ വ്യവസ്ഥയിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സോമും സംഘവും റിമാൻഡിലായിരുന്നു. 

പാകുട് ജില്ലയില്‍ 2012 മാര്‍ച്ച് 15ന് ട്രെയിന്‍ തടയല്‍ പ്രതിഷേധം നടത്തിയതിനാണ് സോം മറാൻഡിക്കും കൂട്ടര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. റെയില്‍വേ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, റെയില്‍വേസ് നിയമപ്രകാരം ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ അപേക്ഷ സെഷന്‍സ് കോടതി തള്ളി. പിന്നാലെ തിരുത്തല്‍ ഹര്‍ജിയുമായി ഇവര്‍ ഹൈക്കോടതിയിലെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com