14കാരന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമ; തട്ടിക്കൊണ്ടുപോകല്‍ 'നാടകം'; അമ്മയോട് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം!

14കാരന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമ; തട്ടിക്കൊണ്ടുപോകല്‍ 'നാടകം'; അമ്മയോട് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം!
14കാരന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമ; തട്ടിക്കൊണ്ടുപോകല്‍ 'നാടകം'; അമ്മയോട് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം!

പട്‌ന: വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം തട്ടിക്കൊണ്ടു പോകല്‍ നാടകം സ്വയം സൃഷ്ടിച്ച് അമ്മയില്‍ നിന്ന് പണം സ്വന്തമാക്കാന്‍ 14കാരന്റെ ശ്രമം. ബിഹാറിലെ പട്‌നയിലാണ് സംഭവം. 

അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് 14കാരന്‍ സന്ദേശമയച്ചു. ഇതിന് പിന്നാലെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.  

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 14കാരന്‍. ഓഗസ്റ്റ് പത്തിന് 2000 രൂപയും മൊബൈല്‍ ഫോണുമായി മകന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞാണ് മകന്‍ വീട്ടില്‍ നിന്ന് പോയതെന്നും പരാതിയില്‍ പറയുന്നു. 

ഇതിന് പിന്നാലെയാണ് മകനെ തട്ടിക്കൊണ്ടു പോയതായും വിട്ടുകിട്ടണമെങ്കില്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം തരണമെന്ന് ആവശ്യപ്പെട്ടും മൊബൈല്‍ അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. ഭര്‍ത്താവ് നേരത്തെ മരിച്ചതിനാല്‍ അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. 

പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി 14കാരനെ പുര്‍ണിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് കണ്ടെത്തി. 

അമ്മ 3.5 ലക്ഷം രൂപ ലോണ്‍ എടുത്തുവെന്ന കാര്യം മകന്‍ അറിഞ്ഞിരുന്നു. ഈ പണം തട്ടിയെടുക്കുക ലക്ഷ്യമിട്ടാണ് കൗമാരക്കാരന്‍ തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹിയിലോ മുംബൈയിലോ പോയി ക്രിക്കറ്റ് അക്കാദമിയില്‍ ചേരാന്‍ വേണ്ടിയാണ് പണം തട്ടിയതെന്ന് കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങാനും 14കാരന്‍ പദ്ധതിയിട്ടുവെന്നും പൊലീസ് പറയുന്നു. 

കുട്ടിയെ തത്കാലം അമ്മയുടെ കൂടെ തന്നെ വിട്ടു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി കൗമാരക്കാരനെതിരെ തുടര്‍ നടപടികള്‍ വേണമോയെന്ന് മുതിര്‍ന്ന ഉദ്യോഗ്സ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com