ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം, നിയന്ത്രണ രേഖ ലംഘിച്ചു; തടഞ്ഞുനിര്‍ത്തി ഇന്ത്യന്‍ സൈന്യം

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ മാറ്റം വരുത്താനാണ് ചൈന ശ്രമിച്ചതെന്നും ഇന്ത്യ കുറ്റപ്പെടുത്തി
ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം, നിയന്ത്രണ രേഖ ലംഘിച്ചു; തടഞ്ഞുനിര്‍ത്തി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം.  ചൈനീസ് സൈന്യം നിയന്ത്രണരേഖ കടന്നുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ മാറ്റം വരുത്താനാണ് ചൈന ശ്രമിച്ചതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ശനി, ഞായര്‍ രാത്രികളിലാണ് നിയന്ത്രണരേഖയില്‍ ചൈനീസ് പ്രകോപനം ഉണ്ടായത്. സൈനിക, നയതന്ത്ര തലത്തില്‍ ഉണ്ടാക്കിയ ധാരണകളെ ചൈനീസ് സൈന്യം ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം കുറ്റപ്പെടുത്തി. കിഴക്കന്‍ ലഡാക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നതും ധാരണയില്‍ എത്തിയതും. എന്നാല്‍ ഇത് ലംഘിക്കുന്ന നടപടിയാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ലഡാക്ക് അതിര്‍ത്തിയില്‍ മാറ്റം വരുത്താനാണ് ചൈനീസ് സൈന്യം ശ്രമിച്ചത്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് തടയാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് കടന്നുകയറാനുളള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ച് സൈനിക ബലം വര്‍ധിപ്പിച്ചതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് ലഡാക്കില്‍ നിയന്ത്രണ രേഖ ലംഘിച്ചുളള ചൈനീസ് പ്രകോപനം ഇരു രാജ്യങ്ങളും തമ്മിലുളള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.നിരവധി സൈനികരാണ് ഈ ഏറ്റുമുട്ടലില്‍ വീരമൃത്യ വരിച്ചത്. ചൈനീസ് ഭാഗത്തും ആള്‍നാശം സംഭവിച്ചിരുന്നു. തുടര്‍ന്ന് മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ഒന്നിലധികം തവണ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്‍ച്ചകളില്‍ പുരോഗതി കണ്ടു തുടങ്ങിയതിനിടെയാണ് വീണ്ടും ചൈനീസ് പ്രകോപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com