'അധാര്‍മ്മികം, ഭയാനകം; നിങ്ങളുടെ ഭരണ പരാജയമാണിത്; ആ നാണക്കേട് നിങ്ങളുമായിത്തന്നെ പങ്കിടുന്നു'- മമതയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍

'അധാര്‍മ്മികം, ഭയാനകം; നിങ്ങളുടെ ഭരണ പരാജയമാണിത്; ആ നാണക്കേട് നിങ്ങളുമായിത്തന്നെ പങ്കിടുന്നു'- മമതയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍
'അധാര്‍മ്മികം, ഭയാനകം; നിങ്ങളുടെ ഭരണ പരാജയമാണിത്; ആ നാണക്കേട് നിങ്ങളുമായിത്തന്നെ പങ്കിടുന്നു'- മമതയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. സൗത്ത് 24 പരഗനസിസിലെ ഡയമണ്ട് ഹാര്‍ബറില്‍ വച്ചാണ് വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. വാഹന വ്യൂഹത്തിലെ കാറുകള്‍ക്കും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ സഞ്ചരിച്ച കാറിന് നേരെയും ചില മാധ്യമ പ്രവര്‍ത്തകരുടെ വണ്ടികള്‍ക്ക് നേരെയും കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ മമതയ്‌ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. 

'രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന് പൊലീസിന്റെ പ്രതിരോധവും സംരക്ഷണവും ഉണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന അരാജകത്വത്തിന്റെയും അധാര്‍മ്മികതയുടെയും ഭയാനകമായ റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ തകര്‍ച്ചയാണ് സംഭവം സൂചിപ്പിക്കുന്നത്'- ഗവര്‍ണര്‍ പറഞ്ഞു. 

'ഭരണഘടനാ തലവന്‍ എന്ന നിലയില്‍ നിങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണിത്. ആ നാണക്കേട് നിങ്ങളുമായി തന്നെ ഞാന്‍ പങ്കുവയ്ക്കട്ടെ. നഡ്ഡയുടെ സന്ദര്‍ശന കാര്യം സംസ്ഥാന പൊലീസ് മേധാവിയോട് നേരത്തെ തന്നെ പറഞ്ഞിരുന്നു'- ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

തന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായെന്ന് ജെപി നഡ്ഡ വ്യക്തമാക്കി. പൊലീസ് നോക്കി നില്‍ക്കെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു സംഘം തങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ ആരോപിച്ചു. നഡ്ഡയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബംഗാളില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിജയ് വാര്‍ഗിയ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും സംഭവത്തെ കുറിച്ച് അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com