കര്‍ഷക മാര്‍ച്ച് രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു; ജയ്പൂര്‍- ഡല്‍ഹി ദേശീയ പാത അടച്ചു, മാര്‍ച്ച് തടയാന്‍ സൈന്യവും രംഗത്ത് (വീഡിയോ)

ഡല്‍ഹി- ജയ്പൂര്‍ റോഡ് ഉപരോധിക്കാന്‍ ലക്ഷ്യമിട്ട് നീങ്ങിയ കര്‍ഷക റാലി രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലാണ് പൊലീസ് തടഞ്ഞത്
ഗാസിപൂരില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നു
ഗാസിപൂരില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ആഴ്ചകളായി നടത്തുന്ന പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷക മാര്‍ച്ച് തടഞ്ഞു. ഡല്‍ഹി- ജയ്പൂര്‍ റോഡ് ഉപരോധിക്കാന്‍ ലക്ഷ്യമിട്ട് നീങ്ങിയ കര്‍ഷക റാലി രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലാണ് പൊലീസ് തടഞ്ഞത്. പൊലീസിനൊപ്പം സൈന്യത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ- ന്യൂഡല്‍ഹി- ജയ്പൂര്‍ ദേശീയ പാത അടച്ചു.

ജയ്പൂര്‍- ഡല്‍ഹി ദേശീയ പാത ഉപരോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ തന്നെ കര്‍ഷകര്‍ ഷാജഹാന്‍പൂരില്‍ തടിച്ചുകൂടാന്‍ തുടങ്ങിയിരുന്നു. ട്രാക്ടര്‍ റാലി നടത്തി ദേശീയ പാത ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഗതാഗതം തടയുന്നതിന്റെ ഭാഗമായി ജയ്പൂര്‍-ഡല്‍ഹി ദേശീയ പാത ലക്ഷ്യമാക്കി നീങ്ങിയ കര്‍ഷകരെയാണ് വഴിമധ്യേ പൊലീസ് തടഞ്ഞത്. അതിനിടെ കര്‍ഷക സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും സോം പ്രകാശും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ എത്തി അടിയന്തര യോഗം ചേര്‍ന്നു.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപവസിക്കുമെന്ന് ഡല്‍ഹി മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ഗോപാര്‍ റായ് പറഞ്ഞു. രാവിലെ പത്തുമണിമുതല്‍ അഞ്ചുമണിവരെയാണ് ഉപവസിക്കുക. നാളെയാണ് സിംഗു അതിര്‍ത്തിയിലെ കര്‍ഷക നേതാക്കള്‍ നിരാഹാരം സമരം നടത്തുന്നത്. 

കര്‍ഷകരുടെ രണ്ടാംഘട്ട 'ഡല്‍ഹി ചലോ' മാര്‍ച്ചിനാണ് ഇന്ന് തുടക്കമായത്. ഡല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന പാതകള്‍ കൂടി അടച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജയ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കുകയാണ് രണ്ടാംഘട്ട ഡല്‍ഹി ചലോയുടെ ലക്ഷ്യം. ഹരിയാന, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് റാലിയില്‍ അണിനിരക്കുന്നത്.

വീഡിയോ: പര്‍വീണ്‍ നേഗി

സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ക്ക്പുറമെ ജയ്പൂര്‍-ആഗ്ര റോഡുകള്‍ കൂടി തടഞ്ഞാല്‍ റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലയ്ക്കും. ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോള്‍പിരിവ് തടഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com