ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച വൈറസ് വന്നത് ചൈനയില്‍ നിന്നല്ല; ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരുടെ പഠനം

പരിശോധന നടത്തിയ 137 സാര്‍സ് കോവ് 2 വൈറസുകളില്‍ 129 എണ്ണത്തിനും മറ്റു രാജ്യങ്ങളില്‍ കണ്ടെത്തിയ വൈറസുമായി സാമ്യമുണ്ട്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബെംഗളൂരു: ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം നടന്നതിന് കാരണമായ സാര്‍സ് കോവ്-2 വൈറസ് വന്നത്  ചൈനയില്‍ നിന്നല്ലെന്ന് പഠനം. പകരം
മധ്യപൂര്‍വേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ നിന്നാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്‌സി) ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് ഇവിടങ്ങളില്‍ നിന്നായതാണ് കാരണം.

ഐഐഎസ്‌സിയിലെ മൈക്രോബയോളജി ആന്‍ഡ് സെല്‍ ബയോളജി വിഭാഗത്തിലെ പ്രഫ. കുമാരവേല്‍ സോമസുന്ദരം, മയ്‌നക് മൊണ്ടാല്‍, അന്‍കിത, ലവാര്‍ഡെ എന്നിവരടങ്ങിയ സംഘമാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കറന്റ് സയന്‍സ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ജീനോമിക്‌സ് ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ പഠനം. വൈറസിനെ വേര്‍തിരിച്ചെടുത്ത് ജീനോം സീക്വന്‍സുകള്‍ വിലയിരുത്തിയാണ് ഗവേഷകര്‍ ഇങ്ങനെയൊരു അനുമാനത്തിലെത്തിയത്. പരിശോധന നടത്തിയ 137 സാര്‍സ് കോവ് 2 വൈറസുകളില്‍ 129 എണ്ണത്തിനും മറ്റു രാജ്യങ്ങളില്‍ കണ്ടെത്തിയ വൈറസുമായി സാമ്യമുണ്ട്.

'ക്ലസ്റ്റര്‍ എ വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ക്ക് ഓഷ്യാന, കുവൈത്ത്, ദക്ഷിണേഷ്യന്‍ സാംപിളുകളുമായാണ് സാമ്യം. ക്ലസ്റ്റര്‍ ബിയില്‍ യൂറോപ്യന്‍ സാംപിളുകളോട് സാമ്യം കാണിക്കുന്നുണ്ട്. ചിലത് മധ്യപൂര്‍വേഷ്യന്‍ സാംപിളുകളോടും സാമ്യം കാണിക്കുന്നു.

ബാക്കിയുള്ളവ ചൈന, കിഴക്കന്‍ ഏഷ്യ മേഖലകളില്‍ നിന്നുള്ളവയുമാണ്. ചൈനയിലേക്കു പോയ ഇന്ത്യക്കാരില്‍നിന്നാണ് ഇവ പടര്‍ന്നതെന്നാണ് കരുതുന്നത്. ചൈനയുടെ അയല്‍ രാജ്യങ്ങളില്‍ കാണപ്പെട്ട വൈറസുകളും ചൈനയില്‍ നിന്നാണെന്നു കണ്ടെത്തിയിരുന്നു. അതേസമയം, ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയില്‍നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com