ഒൻപത് മാസം ​ഗർഭിണിയായ യുവതി വീട്ടിലെത്താൻ നടന്നത് ആറ് ദിവസം; താണ്ടിയത് 196 കിലോമീറ്റർ

ഒൻപത് മാസം ​ഗർഭിണിയായ യുവതി വീട്ടിലെത്താൻ നടന്നത് ആറ് ദിവസം; താണ്ടിയത് 196 കിലോമീറ്റർ
ഒൻപത് മാസം ​ഗർഭിണിയായ യുവതി വീട്ടിലെത്താൻ നടന്നത് ആറ് ദിവസം; താണ്ടിയത് 196 കിലോമീറ്റർ

ജയ്പുർ: ഒൻപത് മാസം ഗർഭിണിയായ യുവതി സ്വന്തം വീട്ടിലെത്താൻ നടന്നത് 196 കിലോമീറ്റർ ​ദൂരം. അതും ആറ് ദിവസങ്ങൾ കൊണ്ട്.  ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് മധ്യപ്രദേശിലെ റത്‌ലമിലുള്ള സ്വന്തം വീട്ടിലെത്താനാണ് യുവതി ഇത്രയും ദൂരം നടന്നത്. ഭർത്താവിനും ഒന്നും രണ്ടും വയസ് പ്രായമുള്ള കുട്ടികളും യാത്രയിൽ ഒപ്പമുണ്ടായിരുന്നു.

വിവിധ ചെക്ക് പോസ്റ്റുകൾ കടന്ന് സഞ്ചരിച്ചിട്ടും ഗർഭിണിയായ യുവതിയേയും കുടംബത്തെയും സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. ഒടുവിൽ അവർ രാജസ്ഥാനിലെ ഡുങ്കർപുർ ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായം ലഭിച്ചത്. കുടുംബത്തിന്റെ നിസഹായത തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ചികിത്സാ സഹായവും വീട്ടിലെത്തുന്നതിന് ആംബുലൻസും സൗജന്യമായി ഏർപ്പാടാക്കി നൽകുകയായിരുന്നു.

തളർന്ന് അവശയായ നിലയിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഗർഭിണിയായ യുവതിയും കുടുംബവും ചെക്ക്‌പോസ്റ്റിൽ എത്തിയതെന്ന് ഡുങ്കർപുർ സബ് കലക്ടർ രാജീവ് ദ്വിവേദി വാർത്താ ഏജൻസിയോട് പറഞ്ഞു. ചെക്ക്‌പോസ്റ്റിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം അവരെക്കണ്ട് അമ്പരന്നു. ഭക്ഷണം കഴിച്ചുവോയെന്ന് ഉദ്യോഗസ്ഥർ ചോദിച്ചുവെങ്കിലും മറുപടി പറയാൻ പോലും കഴിയാത്തവിധം അവശയായിരുന്നു യുവതി.

ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരാണ് സബ് കലക്ടർ അടക്കമുള്ളവരെ വിവരം അറിയിച്ചത്. ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ സംഘം ഉടൻ സ്ഥലത്തെത്തി യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. ഉടൻ തന്നെ ചെക്ക്‌പോസ്റ്റിന് സമീപം കുടുംബത്തിന് താത്കാലിക താമസ സൗകര്യവും ഭക്ഷണവുമൊരുക്കി. ഉടൻ തന്നെ ഇ പാസ് അനുവദിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ചെക്ക്‌പോസ്റ്റിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രി അധികൃതർ കുടുംബത്തിന് നാട്ടിലെത്താൻ സൗജന്യമായി ആംബുലൻസ് ഏർപ്പെടുത്തി. ചൊവ്വാഴ്ച അവർ നാട്ടിലേക്ക് യാത്ര തിരിച്ചു.

ലോക്ക്ഡൗൺ മൂലം ദീർഘദൂരം കാൽനടയായി സഞ്ചരിച്ച് എത്തുന്നവരെയെല്ലാം സഹായിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് രാജസ്ഥാനിലെ ഡുങ്കർപുർ ജില്ലാ ഭരണകൂടം അറിയിച്ചു. കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ളവർ നടന്ന് അവശരായി എത്തിയാൽ അവരെ സഹായിക്കാൻ മിനി ബസുകൾ അടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com