ബിഹാറില്‍ എന്‍ഡിഎയ്ക്ക് കാലിടറും; മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍; മധ്യപ്രദേശില്‍ ബിജെപിക്ക് ആശ്വാസം

ബിഹാറില്‍ എന്‍ഡിഎയ്ക്ക് കാലിടറും; മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍; മധ്യപ്രദേശില്‍ ബിജെപിക്ക് ആശ്വാസം
ബിഹാറില്‍ എന്‍ഡിഎയ്ക്ക് കാലിടറും; മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍; മധ്യപ്രദേശില്‍ ബിജെപിക്ക് ആശ്വാസം

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. മൂന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുന്നു. എന്‍ഡിഎ സഖ്യത്തിനേക്കാള്‍ നേരിയ വ്യത്യാസത്തില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റമുണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്. 

അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ഇന്ത്യ ടുഡെ- മൈ ആക്‌സിസ് പ്രവചനത്തില്‍ നിതീഷ് കുമാറിനെ പിന്നിലാക്കി തേജസ്വി യാദവാണ് മുന്നില്‍. 44 ശതമാനം സാധ്യതയാണ് തേജസ്വിക്ക്. നിതീഷ് കുമാറിന് 35 ശതമാനവും ചിരാഗ് പാസ്വാന് ഏഴ് ശതമാനവുമാണ് സാധ്യത പറയുന്നത്. 

അതേസമയം മധ്യപ്രദേശില്‍ ബിജെപിക്ക് ആശ്വാസമാകുന്ന പ്രവചനങ്ങളാണ് പുറത്തു വരുന്നത്. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. 

ടൈംസ് നൗ- സി വോട്ടര്‍ മഹാഗഡ്ബന്ധന്‍ 120 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 116 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു. മറ്റുള്ളവര്‍ ആറ് സീറ്റുകള്‍ വരെ സ്വന്തമാക്കമെന്നും ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരു സീറ്റില്‍ വിജയിക്കുമെന്നുമാണ് പ്രവചിച്ചത്. 

റിപ്പബ്ലിക്ക് ടിവി- ജന്‍ കി ബാത്ത് സര്‍വേയില്‍ മഹാസഖ്യം 118 സീറ്റുകള്‍ മുതല്‍ 138 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. എന്‍ഡിഎയ്ക്ക് 91 സീറ്റുകള്‍ മുതല്‍ 117 സീറ്റുകള്‍ വരെ വിജയമാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ അഞ്ച് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം. 

എബിപി- സി വോട്ടര്‍ എന്‍ഡിഎക്ക് 104 മുതല്‍ 128 സീറ്റുകള്‍ വരെയും മഹാസഖ്യത്തിന് 108 മുതല്‍ 131 സീറ്റുകളും ലഭിക്കുമെന്നാണ് പറയുന്നത്. മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ 11 വരെ സീറ്റുകള്‍ സ്വന്തമാകും. 

മധ്യപ്രദേശ് ഉപ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 16 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് പത്ത് മുതല്‍ 12 സീറ്റുകള്‍ വരെ സ്വന്തമാക്കും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും പ്രവചിക്കുന്നു. 

ബിഹാറില്‍ 243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ടം ഇന്നായിരുന്നു. ഈ മാസം പത്തിനാണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com