അഞ്ചുമിനിറ്റ് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞിട്ടില്ല, 'എന്നോട് സ്‌നേഹമുണ്ടെങ്കില്‍ ഒരു ദരിദ്ര കുടുംബത്തെ ഏറ്റെടുക്കാന്‍ തയ്യാറാവൂ': മോദി 

മോദിയെ ആദരിക്കാന്‍ അഞ്ചുമിനിറ്റ് എഴുന്നേറ്റ് നില്‍ക്കണമെന്ന പ്രചാരണം വ്യാജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അഞ്ചുമിനിറ്റ് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞിട്ടില്ല, 'എന്നോട് സ്‌നേഹമുണ്ടെങ്കില്‍ ഒരു ദരിദ്ര കുടുംബത്തെ ഏറ്റെടുക്കാന്‍ തയ്യാറാവൂ': മോദി 

ന്യൂഡല്‍ഹി: മോദിയെ ആദരിക്കാന്‍ അഞ്ചുമിനിറ്റ് എഴുന്നേറ്റ് നില്‍ക്കണമെന്ന പ്രചാരണം വ്യാജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ആരോ ചെയ്ത കാര്യമാണിത്. തന്നെ ആദരിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവര്‍  ഒരു ദരിദ്രകുടുംബത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.

'തന്നോടുളള ആദരവ് കൊണ്ടാകാം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. എങ്കിലും തന്നോട് സ്‌നേഹവും ആദരിക്കണമെന്ന് അതിയായ ആഗ്രഹവും ഉളളവരോട് ഞാന്‍ ഒരു കാര്യം നിര്‍ബന്ധിക്കുന്നു. നിങ്ങള്‍ ഒരു ദരിദ്ര കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.  കൊറോണ വൈറസ് പ്രതിസന്ധി തീരുന്ന വരെയെങ്കിലും അവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാവണം. ഇതിനേക്കാള്‍ വലിയ ബഹുമതി തനിക്ക് ലഭിക്കാനില്ല'- മോദി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ലോക്ക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാകുന്ന ഏപ്രില്‍ 14ന് മൂന്നുദിവസം മുന്‍പ് ശനിയാഴ്ചയാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടുക.

അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  സൂചന നല്‍കി. കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.  ലോക്ക്ഡൗണ്‍ നീട്ടുന്നത് ഉള്‍പ്പടെയുള്ള  കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. 

രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടിവരുമെന്നാണ് കക്ഷിനേതാക്കള്‍ യോഗത്തില്‍ അറിയിച്ചത്. നിലവില്‍ സ്ഥിതി ആശങ്കജനകമാണെന്നും നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഓരോ ദിവസം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com