മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം ; 24 മണിക്കൂറിനിടെ 25 മരണം ; 229 പേര്‍ക്ക് കൂടി  വൈറസ് ബാധ

ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ പരിധിയില്‍ പുതുതായി 79 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം ; 24 മണിക്കൂറിനിടെ 25 മരണം ; 229 പേര്‍ക്ക് കൂടി  വൈറസ് ബാധ

മുംബൈ : കോവിഡ് ബാധയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമായി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 25 പേരാണ് മരിച്ചത്. 229 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1364 ആയി ഉയര്‍ന്നു. 

ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ പരിധിയില്‍ പുതുതായി 79 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതില്‍ 746 എണ്ണവും മുംബൈയിലാണ്. രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കോടി മുംബൈയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

വൊക്കാര്‍ഡ് ആശുപത്രിയിലെ രണ്ട് നഴ്‌സുമാരെ സെവന്‍ഹില്‍ ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്തു. 46 മലയാളി നഴ്‌സുമാര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച ആശുപത്രിയാണ് വൊക്കാര്‍ഡ്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ബീച്ച് കാന്‍ഡി, ബാട്ടിയ ആശുപത്രികളില്‍ ഒപി സേവനങ്ങള്‍ നിര്‍ത്തി. ജീവനക്കാരെ കൂട്ടത്തോടെ ക്വാറന്റൈന്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് എല്ലാ ആശുപത്രികളിലും പ്രകടമാണ്. 

ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും നൂറോ അതിലധികമോ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. എട്ടില്‍ കുറയാതെ മരണവും ദിവസം തോറും റിപ്പോ!ര്‍ട്ട് ചെയ്യപ്പെടുന്നു. സമൂഹവ്യാപനമെന്ന ഘട്ടത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറയുന്നത്. രോഗം ബാധിച്ച് ധാരാവിയില്‍ ഒരാള്‍ കഴിഞ്ഞദിവസം മരിച്ചു. ഈ സാഹചര്യത്തില്‍ ധാരാവിയിലെ പഴം, പച്ചക്കറി കടകളടക്കം സകലതും അടച്ചിടാന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com