രാജ്യം ആശങ്കയില്‍ ; 12 മണിക്കൂറിനിടെ മരിച്ചത് 30 പേര്‍, കോവിഡ് മരണം 199, രോഗബാധിതര്‍ 6500 ലേക്ക്

രാജ്യത്ത് പുതുതായി 547 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവിദഗ്ധര്‍
രാജ്യം ആശങ്കയില്‍ ; 12 മണിക്കൂറിനിടെ മരിച്ചത് 30 പേര്‍, കോവിഡ് മരണം 199, രോഗബാധിതര്‍ 6500 ലേക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്കയേറ്റി കോവിഡ് രോഗബാധ വ്യാപിക്കുകയാണ്. 12 മണിക്കൂറിനിടെ 30 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 199 ആയി. മഹാരാഷ്ട്രയില്‍ മാത്രം 97 പേരാണ് മരിച്ചത്. 

രാജ്യത്ത് പുതുതായി 547 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6412 ആയി. 504 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അസമില്‍  ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 65 കാരനായ മുന്‍ സൈനികനാണ് മരിച്ചത്. ഇയാള്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയയാളാണ്. ഇയാള്‍ നിസാമുദ്ദീന്‍ സമ്മേളനത്തിന് മുമ്പ് സൗദിയിലും പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പുതുതായി രോഗം കണ്ടെത്തിയവരില്‍ 55 ശതമാനത്തിനും വിദേശ സമ്പര്‍ക്കമോ രോഗീ സമ്പര്‍ക്കമോ ഇല്ലെന്ന് ഐസിഎംആര്‍ കണ്ടെത്തി. ഇവര്‍ക്ക് എവിടെ നിന്ന് രോഗം പകര്‍ന്നു എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവിദഗ്ധര്‍. 

കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാപക പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഏപ്രില്‍ 14 നകം രണ്ടരലക്ഷം സാമ്പിളുകള്‍ പരിശോധിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം 22 ആയി. 

ധാരാവിയില്‍ ഓരോ വീടും കയറി തെര്‍മല്‍ സ്‌ക്രീനിങ് നടത്താനാണ് നിര്‍ദേശം. ധാരാവിയില്‍ ഇടുങ്ങിയ മുറിയില്‍ താമസിക്കുന്നവരെ സമീപത്തെ സ്‌കൂളികളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ ജയിലുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ അഞ്ച് ജയിലുകളാണ് അടയ്ക്കുന്നത്. മുംബൈ സെന്‍ട്രല്‍, ബൈക്കുള, പൂനെ, യേര്‍വാഡ, കലാണ്‍ ജയിലുകളാണ് അടച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com