കോവിഡ് പ്രതിസന്ധിക്കിടെ പ്രായപൂര്‍ത്തിയാവാത്ത മകളുടെ കല്യാണം നടത്താന്‍ ശ്രമം, പെണ്‍കുട്ടി അറിഞ്ഞത് വിവാഹത്തിന് തൊട്ടുമുന്‍പ്, വരനും വീട്ടുകാരും കടന്നുകളഞ്ഞു; സംഭവിച്ചത് ഇങ്ങനെ 

കുടിയേറ്റ തൊഴിലാളിയായ തനിക്ക് ഭാവിയില്‍ മകളുടെ കല്യാണം നടത്താന്‍ സമ്പാദ്യം ഉണ്ടാകുമോ എന്ന ഭയത്തിലാണ് അച്ഛന്‍ ഇതിന് മുതിര്‍ന്നത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊല്‍ക്കത്ത:  രാജ്യം മുഴുവന്‍ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഇരിക്കുമ്പോള്‍, പ്രായപൂര്‍ത്തിയാവാത്ത മകളെ കല്യാണം കഴിപ്പിച്ച് വിടാനുളള അച്ഛന്റെ ശ്രമം പാളി. മകളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കല്യാണം തടഞ്ഞത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പശ്ചിമബംഗാളില്‍ നീട്ടിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളിയായ തനിക്ക് ഭാവിയില്‍ മകളുടെ കല്യാണം നടത്താന്‍ സമ്പാദ്യം ഉണ്ടാകുമോ എന്ന ഭയത്തിലാണ് അച്ഛന്‍ ഇതിന് മുതിര്‍ന്നത്.

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. 16കാരിയാണ് സമയോചിതമായ ഇടപെടല്‍ നടത്തി കല്യാണം തടഞ്ഞത്. കല്യാണത്തിന് തൊട്ടുമുന്‍പ് അയല്‍വാസികള്‍ പറഞ്ഞാണ് പെണ്‍കുട്ടി ഇക്കാര്യം അറിഞ്ഞത്. ഉടനെ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെ വിളിച്ച് ദുരവസ്ഥ പറയുയായിരുന്നു. തനിക്ക് ഇപ്പോള്‍ കല്യാണം കല്യാണം വേണ്ട. തുടര്‍ന്നും പഠിക്കാനാണ് ആഗ്രഹമെന്നും പത്താം ക്ലാസുകാരി തുറന്നുപറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയ സമയത്ത് തന്നെ വരനും ബന്ധുക്കളും കടന്നുകളഞ്ഞു. മകളെ കല്യാണത്തിന് നിര്‍ബന്ധിക്കില്ലെന്ന് അച്ഛനില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

അക്രം ഷെയ്ക്കാണ് മകളെ കല്യാണം കഴിപ്പിച്ച് വിടാന്‍ ശ്രമിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊട്ടടുത്തുളള സംസ്ഥാനമായ ഒഡീഷയില്‍ ജോലി ചെയ്തിരുന്ന അക്രം ഷെയ്ക്കിന് പണിയില്ലാതായി. തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ തന്റെ കൈവശമുളള പണം മുഴുവന്‍ തീര്‍ന്നുപോകുമെന്ന് അക്രം ഷെയ്ക്ക് ഭയപ്പെട്ടു. ഭാവിയില്‍ ഇനി ഒരു ജോലി കിട്ടുമോ എന്ന ഭയവും ഇദ്ദേഹത്തെ വേട്ടയാടി. മകളുടെ കല്യാണം ഭാവിയില്‍ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചതെന്നും അക്രം ഷെയ്ക്ക് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com