ദയാഹര്‍ജി തള്ളിയ പ്രതികളുടെ ശിക്ഷ നടപ്പാക്കണമെന്ന് കേന്ദ്രം ; ഹര്‍ജിയില്‍ നാളെ വാദം

നിര്‍ഭയ കേസില്‍ അക്ഷയ് സിങ് താക്കൂറിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്നലെ തള്ളിയിരുന്നു
ദയാഹര്‍ജി തള്ളിയ പ്രതികളുടെ ശിക്ഷ നടപ്പാക്കണമെന്ന് കേന്ദ്രം ; ഹര്‍ജിയില്‍ നാളെ വാദം

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

രാവിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജനാണ്, ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെ കേസ് മെന്‍ഷന്‍ ചെയ്തത്. തുടര്‍ന്ന് ഹര്‍ജി നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നിര്‍ഭയ കേസില്‍ അക്ഷയ് സിങ് താക്കൂറിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്നലെ തള്ളിയിരുന്നു. ഇതടക്കം മൂന്നുപ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിട്ടുണ്ട്. ദയാഹര്‍ജി തള്ളിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടത്തണമെന്നാണ് അഭിപ്രായമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതികള്‍ ദയാഹര്‍ജി പോലുള്ള നിയമപരിഹാരങ്ങള്‍ക്ക് ഒരാഴ്ചത്തെ സമയവും ജഡ്ജി സുരേഷ് കൈത്ത് അനുവദിച്ചിരുന്നു. അതിനുശേഷം അധികൃതര്‍ക്ക് ശിക്ഷ നടപ്പാക്കാനുള്ള നിയമപരമായ നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.

നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. ഇതിനിടെ അക്ഷയ് താക്കൂറും വിനയ് ശര്‍മ്മയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയുമായി വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെ വധശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. കേസിലെ പ്രതി മുകേഷ് സിങിന്റെ ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. പവന്‍ ഗുപ്ത മാത്രമാണ് ഇനി ദയാഹര്‍ജി നല്‍കാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com