കോണ്‍ഗ്രസിന് 67 സീറ്റുകളില്‍ കെട്ടിവച്ച കാശ് പോയി, വോട്ടുവിഹിതം അഞ്ചില്‍ താഴെ; സിപിഎം ഉള്‍പ്പെടെ എട്ടുപാര്‍ട്ടികളുടെ വോട്ടുവിഹിതം ഒരു ശതമാനത്തില്‍ താഴെ, നോട്ടയ്ക്ക് പിന്നില്‍

ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്
കോണ്‍ഗ്രസിന് 67 സീറ്റുകളില്‍ കെട്ടിവച്ച കാശ് പോയി, വോട്ടുവിഹിതം അഞ്ചില്‍ താഴെ; സിപിഎം ഉള്‍പ്പെടെ എട്ടുപാര്‍ട്ടികളുടെ വോട്ടുവിഹിതം ഒരു ശതമാനത്തില്‍ താഴെ, നോട്ടയ്ക്ക് പിന്നില്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും ആംആദ്മി പാര്‍ട്ടി മികച്ച മുന്നേറ്റം കാഴ്ചവെച്ച ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുറമേ പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ മറ്റു 10 പാര്‍ട്ടികളും ദയനീയമായി പരാജയപ്പെട്ടു. ഇതില്‍ എട്ടു പാര്‍ട്ടികളുടെ വോട്ടുവിഹിതം നോട്ടയിലും താഴെയാണ്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് സംപൂജ്യരായ തെരഞ്ഞെടുപ്പില്‍ സിപിഎം ഉള്‍പ്പെടെയുളള മറ്റു പത്തു പാര്‍ട്ടികളുടെ വോട്ടുവിഹിതം ഒരു ശതമാനത്തിലും താഴെയാണ്.

ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. 2015ലെ പൂജ്യത്തില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. 70 സീറ്റുകളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. രണ്ടു സീറ്റുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാ സീറ്റുകളിലും മൂന്നാമതോ നാലാമതോ ആയാണ് പാര്‍ട്ടി ഫിനിഷ് ചെയ്തത്. 67 സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ കെട്ടിവച്ച കാശു വരെ നഷ്ടമായി. ആറില്‍ ഒരു വോട്ട് ലഭിച്ചില്ലായെങ്കിലാണ് കെട്ടിവച്ച കാശ് നഷ്ടപ്പെടുക. ഗാന്ധിനഗര്‍, ബാദ്‌ലി, കസ്തൂര്‍ബ നഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കെട്ടിവച്ച കാശ് കോണ്‍ഗ്രസിന് തിരിച്ചുകിട്ടിയത്. 2015ല്‍ ചാന്ദ്‌നി ചൗക്കില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച അല്‍ക്കാ ലാബയ്ക്കും കെട്ടിവച്ച കാശ് നഷ്ടമായി. കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഇത്തവണ അല്‍ക്കാ ലാബ മത്സരിച്ചത്. 2015ല്‍ 9.65 ശതമാനം വോട്ട് പാര്‍ട്ടി നേടിയെങ്കില്‍ ഇത്തവണ ഇത് അഞ്ചു ശതമാനത്തിലും താഴെ മാത്രമാണ്.

ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് എന്നി പാര്‍ട്ടികള്‍ക്ക് പുറമേ സിപിഎം, സിപിഐ, എല്‍ജെപി, ബിഎസ്പി, എന്‍സിപി, ജനതാദള്‍(യു), ആര്‍ജെഡി, ആര്‍എല്‍ഡി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയവയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ പാര്‍ട്ടികള്‍. ഇതില്‍ രണ്ടു പാര്‍ട്ടികള്‍ക്ക് മാത്രമാണ് നോട്ടയുടെ വോട്ടുവിഹിതം മറികടക്കാന്‍ സാധിച്ചത്. ബിഎസ്പി, ജനതാദള്‍( യു) എന്നി പാര്‍ട്ടികളാണ് നോട്ടയേക്കാള്‍ കൂടുതല്‍ വോട്ടുവിഹിതം നേടിയത്. ഇതുവരെയുളള കണക്ക് അനുസരിച്ച 0.47 ശതമാനമാണ് നോട്ടയുടെ വോട്ടുവിഹിതം.

വോട്ടുവിഹിതം സംപൂജ്യമായ പാര്‍ട്ടികളും ഇക്കൂട്ടത്തിലുണ്ട്. എല്‍ജെപിയുടെ വോട്ടുവിഹിതം 0.37 ശതമാനമാണെങ്കില്‍ എന്‍സിപിയുടെ കേവലം 0.03 ശതമാനം മാത്രമാണ്. സിപിഐ, സിപിഎം, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവയുടെ വോട്ടുവിഹിതം യഥാക്രമം 0.02, 0.01, 0 എന്നിങ്ങനെയാണ്. ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ വോട്ടുവിഹിതം പൂജ്യമാണെന്ന് തെരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഎസ്പിയുടെയും ജനതാദള്‍ യുവിന്റെയും വോട്ടുവിഹിതം യഥാക്രമം 0.67 ശതമാനവും 0.80 ശതമാനവുമാണ്.

70 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. 48 സീറ്റുകള്‍ നേടി അധികാരം തിരിച്ചുപിടിക്കുമെന്ന്് അവകാശവാദം ഉന്നയിച്ച ബിജെപി ഏഴുസീറ്റുകളിലേക്ക് ചുരുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com