ബാര്‍ ജീവനക്കാരിയെ ശ്വാസം മുട്ടിച്ച് കൊന്നു, ഫ്ളാറ്റ് കൊളളയടിച്ചു; കാമുകനെ കുടുക്കി പൊലീസ്, തുമ്പായത് ഗ്രീന്‍ ആപ്പിള്‍ വോഡ്ക, അന്വേഷണം

ബാര്‍ ജീവനക്കാരിയെ കൊലപ്പെടുത്തി ഫ്ളാറ്റ് കൊളളയടിച്ച് കടന്നുകളഞ്ഞ പ്രതിയെ കുടുക്കി പൊലീസ്
ബാര്‍ ജീവനക്കാരിയെ ശ്വാസം മുട്ടിച്ച് കൊന്നു, ഫ്ളാറ്റ് കൊളളയടിച്ചു; കാമുകനെ കുടുക്കി പൊലീസ്, തുമ്പായത് ഗ്രീന്‍ ആപ്പിള്‍ വോഡ്ക, അന്വേഷണം

മുംബൈ:  ബാര്‍ ജീവനക്കാരിയെ കൊലപ്പെടുത്തി ഫ്ളാറ്റ് കൊളളയടിച്ച് കടന്നുകളഞ്ഞ പ്രതിയെ കുടുക്കി പൊലീസ്. 33 വയസ്സുകാരിയായ റോസീന ഷെയ്ക്കിനെയാണ് മുംബൈ ഡാഹിസറിലെ വാടകയ്ക്ക് എടുത്ത ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയും കൊല്‍ക്കത്ത സ്വദേശിയുമായ സ്വപന്‍ റോയിദാസിനെയാണ് അന്വേഷണത്തിന് ഒടുവില്‍ പൊലീസ് പിടികൂടിയത്. ഫ്ളാറ്റില്‍ നിന്ന് തുമ്പായി കിട്ടിയ ഗ്രീന്‍ ആപ്പിള്‍ വോഡ്കയുടെ കുപ്പിയാണ് അന്വേഷണസംഘത്തെ പ്രതിയിലേക്ക് എത്തിച്ചത്. ബാര്‍ ജീവനക്കാരിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു.

ഡിസംബര്‍ 29നാണ് ബാര്‍ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റില്‍ നടത്തിയ തെരച്ചലില്‍ കണ്ടെത്തിയ ഗ്രീന്‍ ആപ്പിള്‍ വോഡ്കയുടെ കുപ്പിയും ഗ്ലാസ്സുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കൊല്‍ക്കത്തയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. താനുമായുളള ബന്ധം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് റോസീന ഷെയ്ക്ക് സ്ഥിരമായി ബ്ലാക്ക് മെയില്‍ ചെയ്യുമായിരുന്നുവെന്ന് സ്വപന്‍ റോയിദാസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. വിലപ്പിടിപ്പുളള സ്വര്‍ണാഭരണങ്ങളും, നാല് സെല്‍ഫോണുകളും 1.2 ലക്ഷം രൂപയും ഫ്ളാറ്റില്‍ നിന്ന് മോഷ്ടിച്ചതായും സ്വപന്‍ റോയിദാസ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

റോസീന ഷെയ്ക്ക് കൊല്ലപ്പെട്ട ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ കയറിപ്പോകുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഗ്രീന്‍ ആപ്പിള്‍ വോഡ്കയുടെ കുപ്പി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയില്‍ എത്തുകയായിരുന്നു. കുപ്പിയുടെ ബാച്ച് നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതില്‍ സഹായിച്ചത്. സാധാരണയായി ആരും ഉപയോഗിക്കാത്ത ബ്രാന്‍ഡായിരുന്നു ഇത്. ഇത് വാങ്ങിയ സ്ഥലം കണ്ടെത്തുകയായിരുന്നു പൊലീസിന്റെ ആദ്യ ജോലി. ഡാഹിസറിനും ചുറ്റുമുളള പ്രദേശങ്ങളിലെ മദ്യശാലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്മിത വൈനില്‍ നിന്നാണ് കുപ്പി വാങ്ങിയത് എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവിടെ നിന്നുളള സിസിടിവി ദൃശ്യങ്ങളും ഫ്ളാറ്റിലെ ദൃശ്യങ്ങളും ഒത്തുനോക്കി പ്രതി ഇതുതന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി സ്വര്‍ണാഭരണ തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞു. ബാര്‍ ജീവനക്കാരിയുടെ സെല്‍ഫോണ്‍ രേഖകള്‍ പരിശോധിച്ചും  മറ്റു സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു പിന്നീടെന്ന് പൊലീസ് പറയുന്നു.

മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നതും അടുപ്പത്തിലായതും. അതിനിടെ , ഇരുവരും തമ്മിലുളള ബന്ധം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് റോസീന ഷെയ്ക്ക് ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് സ്വപന്‍ റോയിദാസ് പറയുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറയുന്നു. പണം സംബന്ധമായ തര്‍ക്കത്തിന് ഒടുവില്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് റോസീന ഷെയ്ക്കിനെ സ്വപന്‍ റോയിദാസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com