മറ്റൊരാളുമായി അടുക്കുന്നതായി സംശയം, എല്ലാം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 25കാരിയെ കാമുകന്‍ കഴുത്തുമുറിച്ച് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 03:18 PM  |  

Last Updated: 11th January 2020 03:18 PM  |   A+A-   |  

പ്രതീകാത്മകചിത്രം

 

ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ കാമുകന്‍ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ നിലയില്‍. 26കാരനായ പ്രതി കോടതിയില്‍ കീഴടങ്ങി. പ്രണയബന്ധത്തിനിടെ, മറ്റൊരാളുമായി പെണ്‍കുട്ടി അടുക്കുന്നതായുളള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം.25കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹീദിനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

ഇരുവരും മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബിരുദപഠനത്തിനിടെയാണ് ഇവര്‍ പരസ്പരം അടുത്തത്. നിലവില്‍ യുവതി എംബിഎ പൂര്‍ത്തിയാക്കി.ഷഹീദ് ഇറച്ചിക്കടയിലാണ് ജോലി ചെയ്യുന്നത്.

സ്ഥിരമായി പെണ്‍കുട്ടിയെ യുവാവ് കാണാറുണ്ടെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇരുവരും തമ്മിലുളള അടുപ്പം അറിയാം. ഒരു ഘട്ടത്തില്‍ മറ്റൊരാളുമായി യുവതി അടുപ്പത്തിലാണെന്ന സംശയം യുവാവില്‍ ബലപ്പെട്ടു. തന്നെ വഞ്ചിക്കുകയാണ് എന്ന സംശയത്തില്‍ യുവാവ് 25കാരിയുമായി പലതവണ വഴക്കുകൂടിയിരുന്നതായി പൊലീസ് പറയുന്നു.

വെളളിയാഴ്ച അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തുമുറിച്ച് യുവതിയെ 26കാരന്‍ കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. യുവതി തതക്ഷണം കൊല്ലപ്പെട്ടതായും പൊലീസ്് പറയുന്നു.