പണിയില്ല; കോട്ടിട്ട് ഹൈക്കോടതിക്ക് മുന്നില്‍ പച്ചക്കറി വില്‍ക്കാനിറങ്ങി അഭിഭാഷകന്‍

പണിയില്ല; കോട്ടിട്ട് ഹൈക്കോടതിക്ക് മുന്നില്‍ പച്ചക്കറി വില്‍ക്കാനിറങ്ങി അഭിഭാഷകന്‍
ഒറീസ ഹൈക്കോടതിക്ക് മുന്നിൽ പച്ചക്കറി വിൽക്കുന്ന സപൻ കുമാർ/ ഫോട്ടോ: എക്സ്പ്രസ്
ഒറീസ ഹൈക്കോടതിക്ക് മുന്നിൽ പച്ചക്കറി വിൽക്കുന്ന സപൻ കുമാർ/ ഫോട്ടോ: എക്സ്പ്രസ്

കട്ടക്ക്: കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ച അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ പച്ചക്കറി വില്‍പ്പന ആരംഭിച്ചു. വക്കീലിന്റെ കോട്ടുമിട്ട് ഹൈക്കോടതിക്ക് മുന്നില്‍ തന്നെയാണ് അഭിഭാഷകന്റെ പച്ചക്കറി വില്‍പ്പന. ഈ പച്ചക്കറി വില്‍പ്പന ഒരു പ്രതിഷേധം കൂടിയാണ്. 

ഒഡിഷയിലാണ് ഈ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. സപന്‍ കുമാര്‍ പാല്‍ എന്ന അഭിഭാഷകനാണ് ഒറീസ ഹൈക്കോടതിക്ക് മുന്നിൽ  മുന്നിലിരുന്ന് പച്ചക്കറി വിറ്റത്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സപന്‍ കുമാറിന്റെ പച്ചക്കറി വില്‍പ്പന. 

പ്രതിസന്ധിയുണ്ടായപ്പോള്‍ സഹായിക്കാത്ത സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സപന്‍ കുമാറിന്റെ പച്ചക്കറി വില്‍പ്പന. കോവിഡിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ അഭിഭാഷകരെ ബാര്‍ കൗണ്‍സില്‍ സഹായിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സപന്‍ കുമാറിന്റെ പ്രതിഷേധ പച്ചക്കറി വില്‍പ്പന. സാമ്പത്തികമായി സഹായിക്കാന്‍ കൗണ്‍സില്‍ തയ്യാറായിട്ടില്ലെന്ന് സപന്‍ ആരോപിച്ചു. 

നഗരത്തിലുള്ള മിക്ക അഭിഭാഷകര്‍ക്കും കഴിഞ്ഞ മൂന്ന് മാസമായി ഒരു ജോലിയുമില്ല. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേസുകള്‍ വെട്ടിക്കുറച്ചതുമാണ് അഭിഭാഷകര്‍ക്ക് തിരിച്ചടിയായത്. ഇപ്പോള്‍ അത്യാവശ്യ കേസുകള്‍ മാത്രം അതും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൈക്കോടതിയും കീഴ്‌ക്കോടതിയും എല്ലാം എടുക്കുന്നത്. ജീവിതം വഴി മുട്ടിയ അഭിഭാഷകര്‍ക്ക് സാമ്പത്തികമായ പിന്തുണ നല്‍കാന്‍ കൗണ്‍സില്‍ തയ്യാറായിട്ടില്ലെന്ന് സപന്‍ പറഞ്ഞു. 

ഏപ്രില്‍ അഞ്ചിന് അഭിഭാഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കാനുള്ള സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ തീരുമാനം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 10,000 രൂപ വീതം അഭിഭാഷകര്‍ക്ക് നല്‍കാന്‍ തീരുമാനവും എടുത്തു. സാമ്പത്തിക സഹായം ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അഭിഭാഷകരോട് മെയ് പത്തിന് കൗണ്‍സില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

15,000ത്തോളം പേരാണ് അപേക്ഷിച്ചതെന്ന് കൗണ്‍സില്‍ അധികൃതര്‍ പറയുന്നു. ഇതില്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി സഹായം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com