ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ബൈക്ക് പൊലീസ് പിടിച്ചു; പ്രതിഷേധിച്ച് യുവാവ് സ്വയം തീകൊളുത്തി 

യുവാവിന് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചുവച്ചതില്‍ പ്രതിഷേധിച്ച് യുവാവ് സ്വയം തീകൊളുത്തി. തമിഴ്‌നാട്ടിലെ അമ്പൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 27കാരനായ യുവാവിനെ വെല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ് യുവാവെന്ന് പൊലീസ് കണ്ടെത്തിയത്. ചെക്ക്‌പോസ്റ്റില്‍ യുവാവിനെ തടഞ്ഞ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും തിരുപാട്ടൂര്‍ എസ്‌ഐ വിജയകുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ചെന്നൈ-ബംഗളൂരു ഹൈവേയിലാണ് യുവാവിനെ പൊലീസ് തടഞ്ഞത്. ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ പാലിക്കാതെ യാത്രചെയ്ത ഇയാളുടെ പക്കല്‍ വാഹന രേഖകള്‍ ഇല്ലായിരുന്നു. ബൈക്ക് പിടിച്ചെടുത്ത് അടുത്തുള്ള ഗ്രൗണ്ടിലേക്ക് മാറ്റി. ബൈക്ക് തിരിച്ചുവേണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ കാണിക്കാനാണ് പൊലീസ് പറഞ്ഞത്. ഇയാള്‍ മദ്യപിച്ചിരുന്നെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ചെക്ക്‌പോസ്റ്റിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു യുവാവ്. ഒരു കന്നാസില്‍ മണ്ണെണ്ണയുമായാണ് ഇയാള്‍ തിരിച്ചെത്തിയത്. പൊലീസ് ആണ് മരണത്തിന് ഉത്തരവാദികള്‍ എന്ന് പറഞ്ഞ് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു ഇയാള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com