നാല് മാസം പ്രായമുള്ള കുഞ്ഞിന് പാലുമായി ട്രെയിനിന് പിന്നാലെ പാഞ്ഞ് ആർപിഎഫ് കോൺസ്റ്റബിൾ; കൈയടി (വീഡിയോ)

നാല് മാസം പ്രായമുള്ള കുഞ്ഞിന് പാലുമായി ട്രെയിനിന് പിന്നാലെ പാഞ്ഞ് ആർപിഎഫ് കോൺസ്റ്റബിൾ; കൈയടി
നാല് മാസം പ്രായമുള്ള കുഞ്ഞിന് പാലുമായി ട്രെയിനിന് പിന്നാലെ പാഞ്ഞ് ആർപിഎഫ് കോൺസ്റ്റബിൾ; കൈയടി (വീഡിയോ)

ഭോപ്പാൽ: നാല് മാസം പ്രായമുള്ള കുട്ടിക്ക് പാലുമായി നീങ്ങിത്തുടങ്ങിയ ട്രെയിനിന് പിന്നാലെ ഓടിയ ആർപിഎഫ് കോൺസ്റ്റബിളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു കൈയിൽ തോക്കും മറുകൈയിൽ പാലുമായി സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന് പിന്നാലെ ഓടുന്ന ആർപിഎഫ് കോൺസ്റ്റബിൾ ഇന്ദർ യാദവിന്റെ വീഡിയോയാണ് തരം​ഗമായത്. 

ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന നാല് മാസം പ്രായമുള്ള കുട്ടിക്കു വേണ്ടി അമ്മ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ദർ പാൽ അന്വേഷിച്ചിറങ്ങിയത്. പാലുമായി എത്തുമ്പോഴേക്കും വണ്ടി പുറപ്പെടുകയായിരുന്നു. തുടർന്നാണ് ട്രെയിനിന് പിറകേ പാലുമായി ഇന്ദർ ഓടിയത്. 

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്കുള്ള ട്രെയിനിലെ യാത്രക്കാരായിരുന്നു ഷാഫിയ ഹാഷ്മിയും മകളും. യാത്രക്കിടയിൽ കുഞ്ഞിന് പാൽ കണ്ടെത്താൻ ഷാഫിയയ്ക്ക് സാധിച്ചില്ല. ട്രെയിൻ ഭോപ്പാൽ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഷാഫിയ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾ ഇന്ദർ യാദവിന്റെ സഹായം തേടി. യാദവ് പാലുമായി തിരികെ വരുമ്പോഴേക്കും ട്രെയിൻ പുറപ്പെടുകയും ചെയ്തു. താൻ വൈകിയെന്ന് മനസിലാക്കിയതോടെ യാദവ് ഓടുന്ന ട്രെയിനിന് പിറകേ ഓടി കുഞ്ഞിന് പാൽ എത്തിക്കുകയായിരുന്നു. 

ഒരു കൈയിൽ സർവീസ് റൈഫിളും മറുകൈയിൽ കുഞ്ഞിനുള്ള പാലുമായി ഓടുന്ന യാദവിന്റെ ദൃശ്യം റെയിൽവേ സ്‌റ്റേഷനിലുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു. ആർപിഎഫ് കോൺസ്റ്റബിളിന്റെ സന്ദർഭോചിതമായ പ്രവൃത്തി വാർത്തയായതോടെ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഉൾപ്പടെ നിരവധിപേർ യാദവിനെ അഭിനന്ദിച്ചു.  

കുഞ്ഞിന് പാൽ എത്തിക്കുന്നതിന് വേണ്ടി ട്രെയിന് പിറകേ ഓടി തന്റെ ജോലിയുടെ അനുകരണീയമായ ഒരു മാതൃകയാണ് ഇന്ദർ യാദവ് സമൂഹത്തിന് കാണിച്ചുകൊടുത്തതെന്ന് റെയിൽവേ മന്ത്രി അഭിപ്രായപ്പെട്ടു. യാദവിന് റെയിൽവേ മന്ത്രി ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

കുഞ്ഞുമായി വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയ ഷാഫിയ ഹാഷ്മി പിന്നീട് യാദവിന് നന്ദി അറിയിച്ചു. തങ്ങളുടെ ജീവിതത്തിലെ യഥാർഥ ഹീറോ എന്നാണ് അവർ ഇന്ദറിനെ വിശേഷിപ്പിച്ചത്. 'പാൽ ലഭിക്കാത്തതു കാരണം കുഞ്ഞിന് പച്ച വെള്ളത്തിലാണ് ബിസ്‌കറ്റ് നനച്ച് നൽകിയിരുന്നത്. ഇന്ദർ യാദവ് ഞങ്ങളെ സഹായിച്ചു'- ഷാഫിയ പറയുന്നു. 

'അദ്ദേഹം രക്ഷിച്ചത് ഒരു ജീവനാണ്. മറ്റുള്ളവർക്ക് ഒരു മാതൃക. സാഹചര്യങ്ങൾക്കനുസരിച്ച് ഉയരുകയാണെങ്കിൽ നമുക്കെല്ലാം നിരവധി ആളുകളെ സഹായിക്കാൻ സാധിക്കും'- ഒരു ട്വിറ്റർ ഉപയോക്താവും കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com