മോഷണം നടത്തി വിലസി നടന്നത് പത്ത് വര്‍ഷം; കാറും ബംഗ്ലാവുമായി 'ആഡംബര' ജീവിതം; ഒടുവില്‍ 26കാരന്‍ പിടിയില്‍

മോഷണം നടത്തി വിലസി നടന്നത് പത്ത് വര്‍ഷം; കാറും ബംഗ്ലാവുമായി 'ആഡംബര' ജീവിതം; ഒടുവില്‍ 26കാരന്‍ പിടിയില്‍
മോഷണം നടത്തി വിലസി നടന്നത് പത്ത് വര്‍ഷം; കാറും ബംഗ്ലാവുമായി 'ആഡംബര' ജീവിതം; ഒടുവില്‍ 26കാരന്‍ പിടിയില്‍

ഭോപ്പാല്‍: മോഷണങ്ങള്‍ നടത്തി പത്ത് വര്‍ഷത്തോളം വിലസി നടന്ന കള്ളനെ ഒടുവില്‍ പൊലീസ് വലയിലാക്കി. 26 കാരനായ സോനു വിശ്വമര്‍ക എന്ന ഗോലുവാണ് പിടിയിലായത്. മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയാണ് ഇയാള്‍. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

കെട്ടിട നിര്‍മാണ കരാറുകാരനായി ചമഞ്ഞ് വിവിധയിടങ്ങളില്‍ താമസിച്ച് കവര്‍ച്ച നടത്തുകാണ് ഇയാളുടെ പതിവെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് വര്‍ഷത്തിനിടെ 18 മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്. വര്‍ഷത്തില്‍ നാലോ അഞ്ചോ പ്രധാന കവര്‍ച്ചകള്‍ നടത്തി ജീവിക്കുന്നതാണ് സോനുവിന്റെ രീതി. സ്വന്തം നാടായ സാഗര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.

ഗോവിന്ദപുരയിലെ ബിജ്‌ലി നഗറില്‍ ജൂണ്‍ അഞ്ചിന് നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 150 ഓളം സിസിടിവികള്‍ പരിശോധിച്ച പോലീസ് സംഘം സോനു വാടകയ്ക്ക് താമസിച്ചിരുന്ന ഫഌറ്റിലെത്തി പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്തി സമ്പാദിച്ച പണത്തിന് ഇയാള്‍ കൃത്യമായി ആദായ നികുതി അടച്ചിരുന്നതായി പൊലീസ് പറയുന്നു.

ഇന്‍ഡോറില്‍ സ്വന്തമായി ഫഌറ്റും കാറുമൊക്കെയുള്ള സോനു ഭോപ്പാലില്‍ പുതിയ വീട് നിര്‍മിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്. അവസാനം മോഷ്ടിച്ച പണവും ആഭരണങ്ങളും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇയാള്‍ ധൂര്‍ത്തടിച്ച് കളയില്ല. വിവിധ ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപ പദ്ധതികളും പണം നിക്ഷേപിക്കും. ആഭരണങ്ങളെല്ലാം വിറ്റ് പണമാക്കിയും ഇത്തരത്തില്‍ നിക്ഷേപം നടത്തും. ഈ സമ്പാദ്യത്തിനെല്ലാം ഇയാള്‍ കൃത്യമായി ആദായ നികുതിയും അടച്ചിരുന്നു. ഫഌറ്റും വാഹനങ്ങളുമെല്ലാം വായ്പ എടുത്താണ് വാങ്ങിയതെന്നതിനാല്‍ ആരും സംശയിക്കുകയും ചെയ്തിരുന്നില്ല.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സോനുവിന്റെ കാറില്‍ നിന്ന് നിരവധി മദ്യക്കുപ്പികള്‍ കണ്ടെടുത്തെങ്കിലും പോലീസുകാരനെ കടിച്ച് പരിക്കേല്‍പ്പിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.  തുടര്‍ന്ന് തന്റെ കാര്‍ മോഷണം പോയതായി കാണിച്ച് പോലീസില്‍ പരാതിയും നല്‍കി.

2010ല്‍ 16ാം വയസില്‍ മോഷണത്തിനിറങ്ങിയ സോനുവിന് അച്ഛനോ അമ്മയോ മറ്റ് അടുത്ത ബന്ധുക്കളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് ഇനിയും അന്വേഷണം വേണമെന്നും കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com