ആധാറില്‍ മേല്‍വിലാസം ജയില്‍, തുമ്പില്‍ പിടിച്ചുകയറി പൊലീസ്; ഡ്രൈവറുടെ കൊലപാതകത്തില്‍ പ്രതി വീണ്ടും ജയിലില്‍, സംഭവം ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ മദ്യലഹരിയില്‍ 40കാരനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ആധാര്‍ പൊലീസിന് പിടിവളളിയായി
ആധാറില്‍ മേല്‍വിലാസം ജയില്‍, തുമ്പില്‍ പിടിച്ചുകയറി പൊലീസ്; ഡ്രൈവറുടെ കൊലപാതകത്തില്‍ പ്രതി വീണ്ടും ജയിലില്‍, സംഭവം ഇങ്ങനെ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്യലഹരിയില്‍ 40കാരനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ആധാര്‍ പൊലീസിന് പിടിവളളിയായി. ആധാറിലെ മേല്‍വിലാസത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതി വീണ്ടും ജയിലിലായി. 

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. കഴിഞ്ഞമാസം ലക്‌നൗ നഗരത്തിന്റെ അതിര്‍ത്തിപ്രദേശത്ത് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡ്രൈവര്‍ സന്തോഷ് തീവാരിയുടെ കൊലപാതകത്തിന്റെ ചുരുളാണ് അഴിച്ചത്. തലയ്ക്ക് ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് സണി ചൗഹാന്‍ പിടിയിലായത്.

അന്വേഷണത്തിന്റെ ഭാഗമായി ഒന്നിലധികം പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ സണി ചൗഹാന്റെ ആധാറിലെ മേല്‍വിലാസമാണ് പൊലീസിന് സംശയം ജനിപ്പിച്ചത്. ലക്‌നൗ ജയില്‍ എന്നാണ് ആധാറില്‍ മേല്‍വിലാസം രേഖപ്പെടുത്തുന്ന ഭാഗത്ത് കൊടുത്തിരുന്നത്. അച്ഛന്‍ അവിടെയാണ് ജോലി ചെയ്യുന്നതെന്നാണ് ഇതിന് മറുപടിയായി സണി പറഞ്ഞത്. തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ്, ഗുണ്ടാ ആക്ട് അനുസരിച്ച് സണി ജയിലില്‍ കിടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. 

തീവാരിയെ കൊന്ന ശേഷം സണി ചൗഹാനാണ് ട്രക്ക് ഓടിച്ച് സാധനസാമഗ്രികള്‍ ഡെലിവറി ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഫെബ്രുവരി 24നാണ് തീവാരി കൊലപ്പെട്ടത്. മദ്യലഹരിയില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് താന്‍ അടക്കം നാലുപേര്‍ ചേര്‍ന്നാണ് തീവാരിയെ കൊന്നതെന്ന് സണി പൊലീസിന് മൊഴി നല്‍കി. കൂട്ടുകാരില്‍ നിന്ന് മദ്യക്കുപ്പി പിടിച്ചുവാങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ കൂട്ടാളികളെ കണ്ടെത്തുന്നതിനുളള അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com