മഹാരാഷ്ട്രയില്‍ 19 പേര്‍ക്ക് കോവിഡ്; കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍; രോഗബാധിതരുടെ എണ്ണം 88 

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവുമധികം കേസുകള്‍
മഹാരാഷ്ട്രയില്‍ 19 പേര്‍ക്ക് കോവിഡ്; കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍; രോഗബാധിതരുടെ എണ്ണം 88 

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ടുപോകുമ്പോള്‍ തന്നെ, രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ഉയരുന്നു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവുമധികം കേസുകള്‍. കേരളത്തില്‍ 19 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയിലും രോഗബാധിതരുടെ എണ്ണം 19 ആയി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇതുവരെ രണ്ടുപേരാണ് മരിച്ചത്.

 മഹാരാഷ്ട്രയില്‍ ഇന്നലെ രണ്ടു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദ് നഗര്‍, മുംബൈ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ പുതുതായി മൂന്നുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും തിയേറ്ററുകളും പബുകളും ജിമ്മുകളും അടച്ചിടാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവിട്ടു.  രാജസ്ഥാനും സമാനമായ നടപടി കൈക്കൊണ്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും ജിമ്മുകളും അടച്ചിടാനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

ബീഹാറിലും തിയേറ്ററുകളും മാളുകളും അടച്ചിരിക്കുകയാണ്.  സംസ്ഥാനത്ത സന്ദര്‍ശകരുടെ വിവരങ്ങള്‍ നല്‍കാന്‍ ഹോട്ടലുകളോടും മറ്റും ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തീഹാര്‍ ജയിലില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചു. ജയിലിലെ എല്ലാ തടവുപുളളികളെയും പരിശോധിക്കുമെന്ന് തീഹാര്‍ ജയിലധികൃതര്‍ അറിയിച്ചു. പുതുതായി വരുന്ന അന്തേവാസികളെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ബംഗളൂരുവില്‍ ജീവനക്കാരന് കോവിഡ് ബാധിച്ചു എന്ന സംശയത്തില്‍ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ബംഗളൂരുവിലെ കെട്ടിടം ഒഴിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com