സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കുന്നു, 23 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അവശ്യസര്‍വീസുകള്‍ ഒഴികെ, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടും
സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കുന്നു, 23 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍

മുംബൈ: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിക്കുകയും ഏറ്റവുമധികം പേരില്‍ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അവശ്യസര്‍വീസുകള്‍ ഒഴികെ, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടും. ഫയര്‍ഫോഴ്‌സ്, പൊലീസ് തുടങ്ങി അവശ്യസര്‍വീസുകള്‍ മാത്രമാണ് വരുന്ന ഏഴുദിവസം പ്രവര്‍ത്തിക്കുക. മുംബൈ നഗരത്തിലെ മെട്രോ, ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച മൂന്നാമത്തെയാള്‍ മഹാരാഷ്ട്ര സ്വദേശിയാണ്. ഇതിന് പുറമേ രാജ്യത്ത് ഏറ്റവുമധികംപേരില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നുമാണ്.ഈ പശ്ചാത്തലത്തില്‍ അടിയന്തര യോഗം ചേര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടന്നത്. രോഗബാധ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ മെട്രോ, ലോക്കല്‍ സര്‍വീസുകള്‍ നിര്‍ത്തി ആള്‍ക്കൂട്ടം ഒഴിവാക്കാനുളള ആലോചനകളും നടക്കുന്നുണ്ട്.

മുന്‍കരുതലിന്റെ ഭാഗമായി സെന്‍ട്രല്‍ റെയില്‍വേ 23 ട്രെയിനുകള്‍ റദ്ദാക്കി. ഇതിന് പുറമേ മുംബൈ, വഡോദര, അഹമ്മദാബാദ് തുടങ്ങി ആറു ഡിവിഷനുകളുടെ കീഴിലുളള 250 സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് ഉയര്‍ത്തി. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് 50 രൂപയായാണ് ഉയര്‍ത്തിയത്. 

മുംബൈ നഗരത്തില്‍ സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേ സമയം 50 ശതമാനം ജീവനക്കാര്‍ മാത്രമേ വരുന്നുളളൂവെന്ന് ഉറപ്പുവരുത്തണമെന്ന്് മുംബൈ മുനിസിപ്പല്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ക്രമീകരണം നടത്തണം. ഇതിലൂടെ കൂടുതല്‍പ്പേര്‍ ഒരേ സമയം ഓഫീസില്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യം. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64 വയസ്സുകാരനാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച മൂന്നാമത്തെയാള്‍.

രോഗവ്യാപനം തടയുന്നതിന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈകളില്‍ മുദ്ര പതിപ്പിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന മുദ്രപതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.  രോഗബാധിതര്‍ വീടുകളില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നതിനാണ് കൈകളില്‍ മുദ്രപതിക്കാനുള്ള തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com