ദിവസവും സ്‌ക്രീനിങ്, കൂട്ടം കൂടരുത് ; തീയേറ്റര്‍, മാള്‍ സന്ദര്‍ശനത്തിനും വിലക്ക്; കോവിഡിനെ 'പ്രതിരോധിക്കാന്‍' കടുത്ത നടപടിയുമായി സൈന്യം

ജമ്മുകശ്മീരിലെ ലഡാക്കിലെ ഒരു സൈനികന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സൈന്യം നിയന്ത്രണം ശക്തമാക്കിയത്
ദിവസവും സ്‌ക്രീനിങ്, കൂട്ടം കൂടരുത് ; തീയേറ്റര്‍, മാള്‍ സന്ദര്‍ശനത്തിനും വിലക്ക്; കോവിഡിനെ 'പ്രതിരോധിക്കാന്‍' കടുത്ത നടപടിയുമായി സൈന്യം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആദ്യമായി ഒരു ജവാന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി സൈന്യം. സൈനിക ട്രൂപ്പുകളെ എല്ലാ ദിവസവും സ്‌ക്രീനിങിന് വിധേയമാക്കും. രാവിലെയുള്ള പരേഡ് സമയത്താണ് മെഡിക്കല്‍ പരിശോധന നടത്തുക. കൊറോണയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ട പരിപാടികള്‍ റദ്ദാക്കാനും സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. 

സൈനികര്‍ വലിയ സംഘങ്ങളായാണ് ബാരക്കുകളില്‍ കഴിയുന്നത്. ഒരാള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ആ ട്രൂപ്പ് മുഴുവനായും, പെട്ടെന്ന് തന്നെ രോഗം വ്യാപിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. 

രാവിലെ നടക്കുന്ന പരേഡ്/PT യുടെ സമയത്ത് സൈനികര്‍ മെഡിക്കല്‍ സ്‌ക്രീനിങിന് വിധേയരാകണം. പനി, ചുമ, ജലദോഷം തുടങ്ങിയ ശാരീരിക രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അക്കാര്യം മെഡിക്കല്‍ ഓഫീസറോട് വെളിപ്പെടുത്തണം. അടുത്തുള്ള മിലിട്ടറി ഹോസ്പിറ്റലിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയനാകണം. 

കോവിഡ് സംശയമുള്ള കേസുകള്‍ കൈകാര്യം ചെയ്യാനായി ഐസോലേഷന്‍ വാര്‍ഡുകളും പ്രത്യേക ഓപികളും ആരംഭിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേരുന്ന ഉത്സവങ്ങള്‍, സിനിമാതിയേറ്ററുകള്‍, മാളുകള്‍ തുടങ്ങിയ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. 

കോവിഡ് സംശയമുള്ളയാളുമായി ഇടപഴകിയ ആളുകളും, രോഗബാധയുള്ള രാജ്യങ്ങളില്‍ പോയവരും ഇക്കാര്യം അധികൃതരെ അറിയിക്കണം. അവര്‍ സ്‌ക്രീനിങിനും ക്വാറന്റീനും വിധേയരാകണം. എല്ലാ മിലിട്ടറി ആശുപത്രികളിലും  മാസ്‌കുകള്‍,  ജീവന്‍രക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ സജ്ജമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ജമ്മുകശ്മീരിലെ ലഡാക്കിലെ ഒരു സൈനികന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സൈന്യം നിയന്ത്രണം ശക്തമാക്കിയത്.  ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന സൈനികരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോവിഡ് സംശയത്തെത്തുടര്‍ന്ന് മിലിട്ടറി എഞ്ചിനീയറിംഗ് കോളജിലെ ആര്‍മി ഓഫീസറോട് ക്വാറന്റീനില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 14 ലക്ഷം സൈനികരാണ് ഇന്ത്യന്‍ ആര്‍മിയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com