ഒരാള്‍ കൂടി മരിച്ചു ; കോവിഡില്‍ രാജ്യത്ത് മരണം അഞ്ചായി ; രോഗബാധിതരുടെ എണ്ണം 200 കടന്നു

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52 ആയി ഉയര്‍ന്നു. തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണം 16 ആയി
ഒരാള്‍ കൂടി മരിച്ചു ; കോവിഡില്‍ രാജ്യത്ത് മരണം അഞ്ചായി ; രോഗബാധിതരുടെ എണ്ണം 200 കടന്നു

ന്യൂഡല്‍ഹി : ഇന്ത്യയിലും കോവിഡ് 19 അതിവേഗം വ്യാപിക്കുകയാണ്. കൊറോണ ബാധിച്ച് രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു. 69 കാരനായ ഇറ്റാലിയന്‍ പൗരനാണ് രാജസ്ഥാനില്‍ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്‍ഡ്രി കാര്‍ലി എന്നയാള്‍ ജയ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. 

ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 200 കടന്നു. ഇതുവരെ 201 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ലഖ്‌നൗവില്‍ നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കും പഞ്ചാബില്‍ ഒരാള്‍ക്കും കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 89 വയസ്സുകാരിക്കാണ് കോവിഡ് സ്ഥീരികരിച്ചത്.  

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52 ആയി ഉയര്‍ന്നു. തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണം 16 ആയി. ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അടച്ചു. വിദേശത്തുള്ള രണ്ട് മലയാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 

ബ്രിട്ടനിലെ ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഒമാനിലെ സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ അന്‍പത്തിമൂന്നുകാരനും രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ലോകത്ത് മരണം പതിനായിരം കവിഞ്ഞു. അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കടന്നു. ലോകത്താകെ രണ്ടര ലക്ഷത്തിലേറെ പേര്‍ രോഗബാധിതരാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com