ഹിന്ദി ഗായിക കനിക കപൂറിന് കൊറോണ; യാത്ര മറച്ചുവെച്ചു, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി; ആശങ്കയില്‍ അധികൃതര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2020 02:41 PM  |  

Last Updated: 20th March 2020 02:56 PM  |   A+A-   |  

kanika_kapoor

 

ലഖ്‌നൗ: ഹിന്ദിയിലെ ബേബി ഡോള്‍ ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. ലഖ്‌നൗലെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ഗായിക, ലണ്ടനിലെ നീണ്ട നാള്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് 41കാരിയായ കനിക ലഖ്‌നൗവിലേക്ക് തിരികെ എത്തിയത്. എന്നാല്‍ തന്റെ യാത്രയെക്കുറിച്ച് ഇവര്‍ അധികൃതരെ അറിയിച്ചിരുന്നില്ല. 

ലഖ്‌നൗവില്‍ തിരിച്ചെത്തിയതിന് പിന്നാലെ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര പാര്‍ട്ടിയും ഒരുക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ലഖ്‌നൗവിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കനിക താമസിച്ചിരുന്നത്. നിരവധി പേര്‍ ഇവരുമായി ബന്ധപ്പെട്ടതിനാല്‍ എന്തു ചെയ്യണം എന്നറിയാത്ത ആശങ്കയിലാണ് അധികൃതര്‍. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ എല്ലാവരേയും ക്വറന്റീന്‍ ചെയ്യണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്. 

ഇന്ന് ഉത്തര്‍പ്രദേശില്‍ കനിക ഉള്‍പ്പടെ നാലു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബോളിവുഡിലെ അറിയപ്പെടുന്ന ഗായികയാണ് താരം. ചിറ്റിയാന്‍ കലയ്യാന്‍, ഛില്‍ ഗയാ നൈന തുടങ്ങിയ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.