രാജ്യത്ത് കൊറോണ പടരുന്നു; പഞ്ചാബും രണ്ടാഴ്ചത്തേക്ക് പൂര്‍ണമായി അടച്ചു 

നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് സംസ്ഥാനം അടച്ചിടാനാണ് അമരീന്ദര്‍ സിങ് സര്‍ക്കാരിന്റെ തീരുമാനം
രാജ്യത്ത് കൊറോണ പടരുന്നു; പഞ്ചാബും രണ്ടാഴ്ചത്തേക്ക് പൂര്‍ണമായി അടച്ചു 

ചണ്ഡീഗഡ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളുമായി സംസ്ഥാനങ്ങള്‍. രാജസ്ഥാനിന് പിന്നാലെ പഞ്ചാബും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. പതിനൊന്നുപേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് സംസ്ഥാനം അടച്ചിടാനാണ് തീരുമാനം. 

നേരത്തെ രാജസ്ഥാനും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. മരുന്നും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്ന കടകളൊഴികെ എല്ലാ കടകളും ഓഫീസുകളും അടച്ചിടും. പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്താനാണ് നീക്കം. മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളില്‍ പൊതുജനങ്ങളെ വിലക്കി. പൊലീസും ആരോഗ്യപ്രവര്‍ത്തകരുമടക്കം അവശ്യ സേവനത്തിനിറങ്ങുന്നവര്‍ക്കും ചികിത്സയ്ക്ക് പോവുന്നവര്‍ക്കും മാത്രമാവും ട്രെയിനില്‍ സഞ്ചരിക്കാനാവുക. ഗുജറാത്തില്‍ നാല് നഗരങ്ങള്‍ അടച്ചു. അഹമ്മദാബാദ്, സൂറത്ത്, രാജ്ഘട്ട്, വഡോദര എന്നീനഗരങ്ങളാണ് അടച്ചത്.ഈ നഗരങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് താല്‍ക്കാലിക ആശുപത്രികള്‍ പണിയാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.അതിര്‍ത്തി അടയ്ക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 31വരെയാണ് നിരോധനം.

അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ ചികിത്സയിലായിരുന്ന 63കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.  ഇദ്ദേഹത്തിന് മുന്‍പെ തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം എന്നി രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതിനിടെയാണ് 63കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 

ഇന്നലെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം  കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം പഞ്ചാബ് സ്വദേശിയായ എഴുപതുകാരനും കോവിഡ് ബാധിച്ചാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയിലെത്തിയ ആളാണ് മരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 324 ആയി ഉയര്‍ന്നു. പുതുതായി 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 
കേരളത്തില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ കണ്ണൂര്‍ ജില്ലയിലും ആറ് പേര്‍ കാസര്‍കോട് ജില്ലയിലും മൂന്നു പേര്‍ എറണാകുളം ജില്ലയിലുമാണ്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവര്‍ 52 പേരായി. 49 പേരാണ് ചികിത്സയിലുള്ളത്. ആകെ 53,013 പേര്‍ നിരീക്ഷണത്തിലുണ്ട്. 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com