മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു; കുടുംബത്തിലെ ആറ് പേര്‍ക്കും വൈറസ് ബാധ; രാജ്യത്ത് മരണം 18

കോവിഡിനെ തുടര്‍ന്ന് ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഡോക്ടര്‍ മരിച്ചു
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു; കുടുംബത്തിലെ ആറ് പേര്‍ക്കും വൈറസ് ബാധ; രാജ്യത്ത് മരണം 18

മുംബൈ: കോവിഡിനെ തുടര്‍ന്ന് ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഡോക്ടര്‍ മരിച്ചു. 82 വയസ്സായിരുന്നു. ഇതോടെ,മഹാരാഷ്ട്രയില്‍ കോവിഡ് മരണം ആറായി. രാജ്യത്തെ മരണങ്ങള്‍ 18 ആയി. ഇദ്ദേഹത്തിന്റെ കൊച്ചുമകന്‍ ലണ്ടനില്‍ നിന്ന് ഈ മാസം 12ന് മുംബൈയിലെ വസതിയില്‍ തിരിച്ചെത്തി സ്വയം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. കുടുംബത്തിലെ 6 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ തൂമക്കുരുവില്‍ അറുപത്തഞ്ച് വയസുകാരനും മരിച്ചു. ദുബായില്‍ നിന്ന് ഡല്‍ഹി വഴിയാണ് ഇയാള്‍ നാട്ടിലെത്തിയത്. അതേസമയം, രാജ്യത്ത് 724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായെന്നും അത് അടിയന്തരമായി പരിഹരിക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തി. ലോക് ഡൗണിന്റെ നാലാംദിനവും രാജ്യം ഏറെക്കുറെ നിശ്ചലമാണ്. 

കൊറോണ വൈറസ് കേസുകളുടെ എണ്ണം 724 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയില്‍ നാലു മരണങ്ങളും ഗുജറാത്തില്‍ മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ഇതുവരെ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, ബംഗാള്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഒരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് സജീവമായ കോവിഡ്–19 കേസുകളുടെ എണ്ണം 640 ആണ്. ഇതുവരെ 66 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 724. ഇതില്‍ 47 പേര്‍ വിദേശികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com