കോവിഡ്: യുഎസ് നടത്തിയത് പത്തു ലക്ഷം ടെസ്റ്റുകള്‍; ഇന്ത്യയില്‍ ഇതുവരെ 38,000

ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന ഇന്ത്യയില്‍ ഇതുവരെ നടത്തിയത് നാല്‍പ്പതിനായിരത്തില്‍ താഴെ ടെസ്റ്റുകള്‍ മാത്രമാണ്.
കോവിഡ്: യുഎസ് നടത്തിയത് പത്തു ലക്ഷം ടെസ്റ്റുകള്‍; ഇന്ത്യയില്‍ ഇതുവരെ 38,000



വാഷിങ്ടണ്‍/ന്യൂഡല്‍ഹി: കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്ന അമേരിക്ക ഇതുവരെ നടത്തിയത് പത്തു ലക്ഷം ടെസ്റ്റുകള്‍. ഇതില്‍ 1,64,274 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന ഇന്ത്യയില്‍ ഇതുവരെ നടത്തിയത് നാല്‍പ്പതിനായിരത്തില്‍ താഴെ ടെസ്റ്റുകള്‍ മാത്രമാണ്.

ഇന്ത്യയില്‍ ഇതുവരെ 38,442 പേരില്‍ കൊറോണ ടെസ്റ്റ് നടത്തിയെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള ടെസ്റ്റ് കപ്പാസിറ്റിയുടെ 30 ശതമാനം മാത്രമാണ് ഇതെന്നും ഐസിഎംആര്‍ പ്രതിനിധി ആര്‍ ഗംഗാധേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. 38,442 പേരെ ടെസ്റ്റ് ചെയ്തതിലാണ് 1071 കേസുകള്‍ പോസിറ്റിവ് ആയി കണ്ടത്.

തുടക്കത്തില്‍ ഐസിഎംആര്‍ നല്‍കിയിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം വിദേശത്തുനിന്നു വരുന്നവരില്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ഇവരുമായി ഇടപഴകിയവരില്‍ കടുത്ത ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുമാണ് പരിശോധനകള്‍ നടത്തിയിരുന്നത്. ഇതനുസരിച്ച് ആദ്യ ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറവായിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ കേരളം പോലെ ചില സംസ്ഥാനങ്ങളില്‍ റാപ്പിഡ് പരിശോധനയ്ക്കും തീരുമാനമായിട്ടുണ്ട്.

അമേരിക്കയില്‍ പത്തു ലക്ഷം പേരില്‍ പരിശോധന നടത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ദിനംപ്രതി ഒരു ലക്ഷം പേരെ വീതം പരിശോധിക്കാന്‍ നിലവില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി അലക്‌സ് അസര്‍ പറഞ്ഞു.

നിലവില്‍ ലോകത്ത് ഏറ്റവുമധികം പേരില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയത് അമേരിക്കയിലാണ്. 3164 പേരാണ് യുഎസില്‍ വൈറസ് ബാധയെത്തുടര്‍ന്നു മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com