പത്താം ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; വാര്‍ത്ത കണ്ടതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

പത്താം ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; വാര്‍ത്ത കണ്ടതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൈസൂരു: പത്താം ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയത്. പരീക്ഷയുടെ ടൈം ടേബിള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരു കുട്ടികളും ആത്മഹത്യ ചെയ്തത്. കൊല്ലെഗലിലും കുടകിലുമാണ് മരണങ്ങള്‍.

കൊല്ലെഗലില്‍ 15കാരിയായ കുട്ടിയോട് മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തി പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുറിയിലേക്ക് പോയ കുട്ടിയെ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടില്ല. ഇതോടെ മാതാപിതാക്കള്‍ മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഇതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

കുടക് ജില്ലയിലെ കാജൂരില്‍ താമസിക്കുന്ന 15 വയസ്സുകാരനും വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. 

കഴിഞ്ഞ ദിവസം എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതോടെ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പരീക്ഷാ തീയതി പ്രഖ്യാപിച്ച വാര്‍ത്ത ടിവിയില്‍ കണ്ടതിന് ശേഷം താന്‍ പരീക്ഷ എഴുതില്ലെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com