അമ്മയെ പിരിഞ്ഞ് ഡല്‍ഹിയില്‍ മൂന്നുമാസം, അഞ്ചുവയസുകാരന്‍ ബംഗളൂരുവില്‍; വികാരനിര്‍ഭര നിമിഷങ്ങള്‍

രണ്ടു മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ബംഗളൂരു വിമാനത്താവളം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് വേദിയായി
അമ്മയെ പിരിഞ്ഞ് ഡല്‍ഹിയില്‍ മൂന്നുമാസം, അഞ്ചുവയസുകാരന്‍ ബംഗളൂരുവില്‍; വികാരനിര്‍ഭര നിമിഷങ്ങള്‍

ബംഗളൂരു: രണ്ടു മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ബംഗളൂരു വിമാനത്താവളം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് വേദിയായി. ലോക്ക്ഡൗണിനെ തുടര്‍ന്ന് മൂന്നു മാസമായി അമ്മയില്‍ നിന്ന് പിരിഞ്ഞുനില്‍ക്കുന്ന അഞ്ചുവയസുകാരനാണ് അമ്മയുടെ സുരക്ഷിത കരങ്ങളിലേക്ക് ഓടി എത്തിയത്.

അഞ്ചു വയസ്സുകാരനായ വിഹാന്‍ ശര്‍മയാണ് 'പ്രത്യേക പരിഗണന'യുള്ള ടിക്കറ്റുമായി ഡല്‍ഹിയില്‍നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് ബംഗളൂരുവില്‍ എത്തിയത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിഹാനെ സ്വീകരിക്കാന്‍ അമ്മ കാത്തു നില്‍പുണ്ടായിരുന്നു.

സ്‌പെഷല്‍ കാറ്റഗറി യാത്രക്കാരനായാണ് വിഹാന്‍ ഡല്‍ഹിയില്‍നിന്ന് ഒറ്റയ്ക്കു യാത്ര ചെയ്തത്. മൂന്ന് മാസത്തെ കാത്തിരിപ്പിനുശേഷമാണ് വിഹാന്‍ ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലെത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അമ്മ ഇതു പറയുമ്പോള്‍ മഞ്ഞ വസ്ത്രവും മാസ്‌കും നീല ഗ്ലൗസും ധരിച്ച് വിഹാന്‍ മാസങ്ങള്‍ക്കുശേഷം അമ്മയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു. വിഹാനെ സ്വാഗതം ചെയ്യുന്നതായി ബംഗളൂരു വിമാനത്താവളം ഔദ്യോഗിക ട്വിറ്റര്‍ വഴി അറിയിച്ചു.

മാര്‍ച്ച് അവസാനം ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചശേഷം തിങ്കളാഴ്ചയാണ് വീണ്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നുതുടങ്ങിയത്. വിമാനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ ആയിരക്കണക്കിനു പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com