'കോവിഡിന് ഒരു വേര്‍തിരിവും ഇല്ല, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കു'- ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കെജരിവാള്‍

'കോവിഡിന് ഒരു വേര്‍തിരിവും ഇല്ല, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കു'- ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കെജരിവാള്‍
'കോവിഡിന് ഒരു വേര്‍തിരിവും ഇല്ല, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കു'- ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നതായും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മാസ്‌ക് ധരിക്കുന്ന ശീലം ജനം ശീലമാക്കണമെന്നും കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നത് വരെ മാസ്‌കാണ് നമ്മുടെ വാക്‌സിനെന്നും കെജരിവാള്‍ വ്യക്തമാക്കി. 

'മാസ്‌ക് ഇല്ലാത്ത, വായയും മൂക്കും മൂടുന്ന തരത്തില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്ത നിരവധി ആളുകളെ ദിനംപ്രതി ഞാന്‍ കാണുന്നുണ്ട്. അവരോട് പറയാനുള്ളത് കോവിഡിന് ഒരു വേര്‍തിരിവും ഇല്ല. അത് ആര്‍ക്കും വരാം. പാവപ്പെട്ടവര്‍ക്കും ചെറുപ്പാക്കാര്‍ക്കും പ്രായമായവര്‍ക്കും സ്ത്രീക്കും പുരുഷനും തുടങ്ങി എല്ലാവരേയും ബാധിക്കും'- ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ കെജരിവാള്‍ ഓര്‍മിപ്പിച്ചു. 

'ഡല്‍ഹിയില്‍ കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് ഘട്ടമായുള്ള വലിയ വ്യാപനം നാം കണ്ടു കഴിഞ്ഞു. ജൂണ്‍ മുതല്‍ ഒന്നാം ഘട്ടവും സെപ്റ്റംബര്‍ മുതല്‍ രണ്ടാം ഘട്ടവും ഡല്‍ഹിയില്‍ സംഭവിച്ചു. ജൂണ്‍ 23ന് ശേഷം ഡല്‍ഹിയില്‍ പ്രതിദിനം 3,947 പേര്‍ക്ക് എന്ന തോതിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. സെപ്റ്റംബര്‍ 17ന് ശേഷം 4,432 എന്ന തോതിലായിരുന്നു രോഗികളുടെ എണ്ണം ഓരോ ദിവസവം. മൂന്നാം ഘട്ടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമായ സ്ഥിതിയിലാണ് പോകുന്നത്'- കെജരിവാള്‍ മുന്നറിയിപ്പ് നല്‍കി. 

ഇന്നലെ ഡല്‍ഹിയില്‍ 6,715 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4,16,653 പേര്‍ക്കാണ് ഇതുവരെയായി സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 3,71,155 പേര്‍ക്ക് രോഗ മുക്തി. 6,769 പേരാണ് ഡല്‍ഹിയില്‍ രോഗം വന്ന് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com