യുവതിയുമായി ബന്ധം, പ്രതിശ്രുതവരന്‍ ബിസിനസുകാരനെ കഴുത്തുമുറിച്ച് കൊന്നു; മൃതദേഹം ബാഗിലാക്കി ട്രെയിനില്‍ കയറ്റി, ഗുജറാത്തില്‍ ഉപേക്ഷിച്ചു

യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന ബിസിനസുകാരനെ പ്രതിശ്രുതവരന്‍ കുത്തിക്കൊന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന ബിസിനസുകാരനെ പ്രതിശ്രുതവരന്‍ കുത്തിക്കൊന്നു. തുടര്‍ന്ന് സ്യൂട്ട്‌കേസിലാക്കിയ മൃതദേഹം ട്രെയിനില്‍ കയറ്റി ഗുജറാത്തില്‍ കൊണ്ടുപോയി തള്ളി. യുവതിയെയും പ്രതിശ്രുത വരനെയും യുവതിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. 46 വയസുള്ള ബിസിനസുകാരന്‍ നീരജ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. പ്രതിശ്രുത വരനുമായുള്ള വിവാഹത്തെ നീരജ് ഗുപ്ത എതിര്‍ത്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവതിയുടെ വാടക വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ ജുബറുമായി ബിസിനസുകാരന്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്നായിരുന്നു പ്രകോപനം. കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തി എടുത്ത് വയറില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിക്കുന്നതിന് യുവതിയും അമ്മയും സഹായം ചെയ്തതായും പൊലീസ് പറയുന്നു.

നീരജ് ഗുപ്തയെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം ചുരുളഴിഞ്ഞത്. നീരജ് ഗുപ്തയുടെ തിരോധാനത്തിന് പിന്നില്‍ യുവതിയാണെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി ബന്ധമുള്ളതായും ഭാര്യ ആരോപിച്ചു.

തുടര്‍ന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.ബിസിനസുകാരന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന തനിക്ക് നീരജ് ഗുപ്തയുമായി പത്തുവര്‍ഷത്തെ ബന്ധമുണ്ടെന്ന് യുവതി മൊഴി നല്‍കി. എന്നാല്‍ മാതാപിതാക്കള്‍ ജുബറിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇതനുസരിച്ച് വിവാഹ നിശ്ചയവും നടത്തി. ഇക്കാര്യം പറഞ്ഞപ്പോള്‍ വിവാഹത്തെ നീരജ് ഗുപ്ത എതിര്‍ത്തു. 

അതിനിടെ യുവതിയുടെ വീട്ടില്‍ വന്ന നീരജ് ഗുപ്തയെ ജുബര്‍ ആക്രമിക്കുകയായിരുന്നു. വാക്കേറ്റം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തര്‍ക്കത്തിനിടെ യുവതിയെ നീരജ് ഗുപ്ത തള്ളി. ഇതില്‍ പ്രകോപിതനായ ജുബര്‍ നീരജ് ഗുപ്തയെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സ്യൂട്ട്്‌കേസിലാക്കിയ മൃതദേഹവുമായി കാബില്‍ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. റെയില്‍വേയുടെ പാന്‍ട്രി കാറിലാണ് ജുബര്‍ ജോലി ചെയ്യുന്നത്. രാജധാനി എക്‌സ്പ്രസില്‍ കയറിയ ജുബര്‍ ഗുജറാത്തിലെ ബറൂച്ചില്‍ മൃതദേഹം ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com