ശ്മശാനത്തില്‍ കൂട്ടത്തല്ല്, ഭാര്യയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാര്‍ ഏറ്റുമുട്ടി; ചിതയിലെ വിറക് കൊള്ളികള്‍ കൊണ്ട് ആക്രമണം, കേസ് 

ഉത്തര്‍പ്രദേശില്‍ യുവാവിന്റെ ശവസംസ്‌കാരചടങ്ങിന് മുന്‍പ് ശ്മശാനത്തില്‍ കുടുംബക്കാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍
ശ്മശാനത്തില്‍ കൂട്ടത്തല്ല്, ഭാര്യയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാര്‍ ഏറ്റുമുട്ടി; ചിതയിലെ വിറക് കൊള്ളികള്‍ കൊണ്ട് ആക്രമണം, കേസ് 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവിന്റെ ശവസംസ്‌കാരചടങ്ങിന് മുന്‍പ് ശ്മശാനത്തില്‍ കുടുംബക്കാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. ചിതയൊരുക്കാന്‍ ഉപയോഗിച്ച വിറക് കൊള്ളികള്‍ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്. ആത്മഹത്യ ചെയ്ത യുവാവിന്റെ ഭാര്യയെയും കുടുംബക്കാരെയും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇരുവിഭാഗങ്ങളിലുമായി നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. പിന്നീട് പൊലീസ് ബന്തവസില്‍ സംസ്‌കാര ചടങ്ങ് നടത്തി.

സാംബല്‍ സിഹാവലി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. 25 വയസുകാരനായ ജസ്പല്‍ കഴിഞ്ഞദിവസമാണ് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദികള്‍ ഭാര്യയുടെ വീട്ടുകാരാണ് എന്ന് ആരോപിച്ചാണ് യുവാവിന്റെ കുടുംബക്കാര്‍ ഇവരെ സംസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഭാര്യയുടെ വീട്ടുകാരെ ശ്മശാനത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് തടഞ്ഞത്. ഈസമയത്ത് പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. പൊലീസ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചു. അതിനിടെ ജസ്പാലിന്റെ ചിതയ്ക്ക് കുടുംബക്കാര്‍ തീകൊളുത്തി. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. 

നിമിഷങ്ങള്‍ക്കകം ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ശക്തമായ സുരക്ഷയില്‍ പിന്നീട് സംസ്‌കാര ചടങ്ങുകള്‍ നടന്നു. സംഭവത്തില്‍ സ്വമേധയാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കോവിഡ് ലോക്ഡൗണ്‍ സമയത്താണ് ജസ്പല്‍ വിവാഹം കഴിച്ചത്. ജ്യോതിയുമായുള്ള ദാമ്പത്യജീവിതം സുഖകരമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനിടെ ജസ്പല്‍ ഭാര്യയുടെ വീട്ടുകാരെ കാണാന്‍ പോയി. അവിടെ വച്ച് വാക്കേറ്റമുണ്ടാകുകയും ഭാര്യയുടെ സഹോദരനും വീട്ടുകാരും ജസ്പലിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് ജസ്പല്‍ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com